ഉളിക്കലിൽ വീട്ടിൽ നിന്നും ബോംബ് പിടികൂടിയ കേസിൽ സി.പി.എം പ്രവർത്തകൻ റിമാൻഡിൽ

11:05 AM Dec 21, 2024 | Neha Nair

ഇരിട്ടി : വീടിനകത്ത് നിന്നും മൂന്ന് ഐസ് ക്രീം ബോംബുകൾ പിടികൂടിയ കേസിൽ സി.പി.എം പ്രവർത്തകൻ റിമാൻഡിൽ. പരിക്കളത്തെ മൈല പ്രവൻ ഗിരീഷിനെ (37) യാണ് ഉളിക്കൽ പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

ഇന്നലെ രാവിലെ ഒൻപതു മണിയോടെ ഗിരീഷിൻ്റെ വീടിന് സമീപത്തു നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ ഉളിക്കൽ പൊലിസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഐസ് ക്രീം ബോളുകളിൽ നിർമ്മിച്ച ബോംബുകൾ വീടിൻ്റെ ടെറസിൽ നിന്നും പിടികൂടിയത്.

ഇവ ബോംബ് സ്ക്വാഡെത്തി പിന്നീട് നിർവീര്യമാക്കി. ഗിരീഷിൻ്റെ അമ്മയും അമ്മയുടെ സഹോദരിയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഗിരീഷ് എടൂർ കാരപ്പറമ്പിലാണ് താമസം.

നേരത്തെ ബി.ജെ.പി പ്രവർത്തകനായിരുന്ന ഇയാൾ ഒരു വർഷം മുൻപാണ് തെറ്റി പിരിഞ്ഞ് സി.പി.എമ്മിൽ ചേർന്നത്. ഉളിക്കൽ എസ്.എച്ച്.ഒ അരുൺ ദാസ്, എ.എസ്.ഐമാരായ കെ. വേണു, എം ആർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.