കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടം; അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി അതിദാരുണമായി മരിച്ചു, 20 കുട്ടികൾക്ക്പരിക്കേറ്റു

06:51 PM Jan 01, 2025 | Desk Kerala

കണ്ണൂര്‍: ശ്രീകണ്ഠാപുരം - തളിപ്പറമ്പ് സംസ്ഥാന പാതയിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷെന്ന പതിനൊന്നു വയസുകാരിയാണ് ദാരുണമായി മരിച്ചത്. 

ബസിലുണ്ടായിരുന്ന 20 കുട്ടികൾക്ക്പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. 

അപകടത്തിൽ ബസിൽ നിന്ന് നേദ്യ തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 11 കുട്ടികളെ തളിപ്പറമ്പ  സഹകരണ ആശുപത്രിയിലും  8 കുട്ടികളെയും, ഡ്രൈവറെയും ആയയെയും   താലൂക്ക് ആശുപത്രിയിലും   പ്രവേശിപ്പിച്ചു. 

മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് കുറുമാത്തൂർ ചിൻമയ സ്കൂളിലെ ബസ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.