നാഷനൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പേരിൽ വ്യാജൻമാർ പ്രവർത്തിക്കുന്നതായി ഭാരവാഹികൾ

03:11 PM Jan 24, 2025 | AVANI MV

കണ്ണൂർ : വിമുക്തഭടൻമാരുടെയും കുടുംബാംഗങ്ങളുടെയും പ്രശ്ന പരിഹാരത്തിനായി 1983 ഓഗസ്റ്റ് അഞ്ചിന് രൂപീകരിച്ച നാഷനൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയെന്ന സംഘടനയ്ക്കെതിരെ ചിലർ വ്യാജ വാർത്തകൾ ചമയ്ക്കുകയാണെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നേരത്തെ സംഘടനയിൽ പ്രവർത്തിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത ചിലരുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.

 സംഘടനയിൽ സ്ഥാപിത താൽപര്യങ്ങൾ നടത്താൻ കഴിയാതെ പുറത്തുപോയ വിജയൻ പാറാളി യാണ് ഇത്തരം നേതൃത്വം നൽകുന്നത്. സംസ്ഥാന സെക്രട്ടറി, ജില്ലാ ഭാരവാഹികളെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് ഇവർ മാധ്യമങ്ങൾക്ക് മുൻപിൽ വരുന്നത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന പേരിൽ വ്യാജമായാണ് വിജയൻ പാറാളി പ്രവർത്തിക്കുന്നത്. 

കേന്ദ്ര സർക്കാർ അംഗീകരിച്ച അഞ്ച് വിമുക്ത സംഘടനകളിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സംഘടനയാണ് നാഷനൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി. സംഘടനയെ തേജോവധം ചെയ്യുന്നതിനാണ് വിജയൻ പാറാളി യുടെ നേതൃത്വത്തിൽ വ്യാജൻമാർ പ്രവർത്തിക്കുന്നത്. ജഗൻ റെഡി നാഷനൽ ചെയർമാനും ചഞ്ചൽ കുമാർ മിത്ര കേന്ദ്ര ജനറൽ സെക്രട്ടറിയും സീനിയർ വൈസ് ചെയർമാനായ കേരളത്തിൽ നിന്നുള്ള വി.എസ് ജോണുമാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നത്. എം.ബി ഗോപിനാഥ് സംസ്ഥാന പ്രസിഡൻ്റായും കെ.എം പ്രതാപൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവർത്തിക്കുന്ന കേരളാ ഘടകവുമുണ്ട്.

 ഇതിന് കീഴിൽ മൈക്കിൾ ചാണ്ടി കൊല്ലിക്കൽ പ്രസിഡൻ്റായും ലക്ഷ്മണൻ പുന്നാട് സെക്രട്ടറിയായും കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ കീഴിൽ വിവിധ പഞ്ചായത്ത് തല യൂനിറ്റുകളും പ്രവർത്തിച്ചു വരുന്നതായും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എൻ.വി തോമസ്, മൈക്കിൾ ചാണ്ടി കൊല്ലിക്കൽ, കെ. നാരായണൻ, പി.വി രാജൻ എന്നിവർ പങ്കെടുത്തു.