നവീൻ ബാബുവിൻ്റെ മരണത്തിൽ അധിക്ഷേപകരമായ പരാമർശം, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം വി.കെ സുരേഷ് ബാബുവിന് പാർട്ടിയുടെ താക്കീത്

07:15 PM Mar 10, 2025 | Neha Nair

കണ്ണൂർ: മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ ജില്ലാ എക്സിക്യൂട്ടിവിൽ അതിരൂക്ഷമായവിമർശനം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രഭാഷകനുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ ജില്ലാ കൗൺസിലിലും സുരേഷ്ബാബു കൂടി പങ്കെടുത്ത എക്സിക്യൂട്ടീവിലും നിശിത വിമർശനമുയർന്നത്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനോട് ഇത്തരം പ്രതികരണങ്ങൾ ഇനിയുണ്ടാവരുതെന്ന്സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇത് വി കെ സുരേഷ് ബാബു അംഗീകരിക്കാൻ തയ്യാറായതോടെ വിഷയം അവസാനിപ്പിച്ചു.

തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗത്തിലും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ മുഴുവനും വി കെ സുരേഷ് ബാബുവിന്റെ നടപടിയിൽ നിശിത വിമർശനമാണ് ഉയർത്തിയത്.

കണ്ണൂർ വിഷൻ ചാനലിൻ്റെ ബ്യുറോ ചീഫ് മനോജ് മയ്യിലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ അതേ ചാനലിൽ തന്നെയാണ് വി.കെ സുരേഷ് ബാബുവിന്റെ പ്രതികരണം വന്നത്.

നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവി വാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്.

നവീൻ ബാബുവിന്റെ 'മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടു മുതൽ അദ്ദേഹത്തിനു നേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചിരുന്നു.

മാർച്ച് ഏഴി നായിരുന്നു ജില്ലാ എക്സിക്യൂട്ടീവും കൗൺസിലും ചേർന്നത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാകൗൺസിൽ യോഗത്തിൽ സുരേഷ് ബാബു പങ്കെടുത്തിരുന്നില്ല സോഷ്യൽ മീഡിയയിൽ താരമായ അറിയപ്പെടുന്ന സാംസ്കാരിക പ്രഭാഷകൻ കൂടിയാണ് വി.കെ സുരേഷ് ബാബു. അദ്ദേഹത്തിൻ്റെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിലും അതിരൂക്ഷമായ പ്രതികരണമാണ് ഉയർന്നു വന്നത്.