+

ദമ്പതികൾക്ക് കുഞ്ഞെന്ന സ്വപ്ന സാക്ഷാത്കാരം നിറവേറ്റാൻ ജനനിക്ക്‌ ചാലക്കുന്നിൽ ആശുപത്രി സജ്ജമായി

കണ്ണൂർഗവ. ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാനിവാരണ കേന്ദ്രമായ ജനനി പദ്ധതിയുടെ കെട്ടിട നിര്‍മാണം നാഷണല്‍ ആയുഷ്‌ മിഷന്റെ കീഴില്‍ പൂർത്തിയായി.


തോട്ടട :കണ്ണൂർഗവ. ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാനിവാരണ കേന്ദ്രമായ ജനനി പദ്ധതിയുടെ കെട്ടിട നിര്‍മാണം നാഷണല്‍ ആയുഷ്‌ മിഷന്റെ കീഴില്‍ പൂർത്തിയായി.വന്ധ്യതയിൽ നിന്നും മോചനവുമായി സ്വന്തം കുഞ്ഞെന്ന ദമ്പതിമാരുടെ സ്വപ്‌നം  സാക്ഷാത്‌കരിക്കാന്‍ ഹോമിയോപ്പതി വകുപ്പ്‌ വിഭാവനം ചെയ്‌ത സ്വപ്‌ന പദ്ധതിയാണ്‌ ജനനി.വളരെ കുറഞ്ഞ ചിലവില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകള്‍ സമൂഹത്തിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ്‌ ഹോമിയോപ്പതിവകുപ്പ്‌ ജനനി എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്‌.

2012-13 വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതി 2017ല്‍ ജനനി എന്നു പുനര്‍നാമകരണം ചെയ്‌തു. പദ്ധതിയുടെ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനം വിലയിരുത്തി 2017ല്‍ മുഖ്യമന്ത്രി കണ്ണൂര്‍ ജനനിയെ സെന്റര്‍ ഓഫ്‌ എക്‌സലെന്‍സായി പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തുന്നു എന്ന ഒരു പ്രത്യേകത കൂടി പദ്ധതിക്ക്‌ ഉണ്ടായി.

 2019 ലെ കേന്ദ്ര ഇക്കോണോമിക്‌ സര്‍വ്വേയില്‍ പരാമര്‍ശിക്കപ്പെട്ട ഏക ആയുഷ്‌ പദ്ധതി കൂടിയാണിത്‌. കണ്ണൂര്‍ ജനനിയുടെ വിജയം കേരളമൊട്ടാകെ എല്ലാ ജില്ലകളിലും ജനനി പദ്ധതി തുടങ്ങാന്‍ പ്രചോദനമായി.ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി ഒ.പി. അപര്യാപ്‌തമാകുന്ന രീതിയിലേക്കുള്ള രോഗികളുടെ തിരക്ക്‌ ഇന്നുണ്ട്‌. പരിമിതമായ സൗകര്യത്തോടെയാണ്‌ ഇതുവരെ പ്രവര്‍ത്തിച്ചത്‌ എങ്കിലും 1303 സ്‌ത്രീകള്‍ ഗര്‍ഭിണികളായി എന്നത്‌ ഈ പദ്ധതിയേറെ വിജയമാണെന്നതിന്റെ തെളിവാണ്‌.

ഇതില്‍ 850 പേര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും 100 പേര്‍ ഗര്‍ഭാവസ്‌ഥയുടെ വിവിധ ഘട്ടങ്ങളിലുമാണ്‌. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഇന്‍ഫേര്‍ട്ടിലിറ്റി സെന്ററിനായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ചാലക്കുന്നില്‍ ഉള്ള 30 സെന്റ്‌ സ്‌ഥലം ഹോമിയോപ്പതി വകുപ്പിന്‌ വിട്ടു നല്‍കുകയും ഈ സ്‌ഥലത്ത്‌ മൂന്നരക്കോടി രൂപ ചെലവില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.

facebook twitter