ചക്കരക്കൽ: ബംഗ്ളൂരിൽ നിന്നും ടൂറിസ്റ്റു ബസിൽ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ കമാൽ പീടികയിൽ വന്നിറങ്ങിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപതു ലക്ഷം രൂപ കവർന്ന കേസിൽ ഒരാളെ കൂടി ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തു.
കാടാച്ചിറ ആഡൂർ മീത്തൽ കിഴക്കേ വളപ്പിൽ പഴയ പുരയിൽ പ്രജോഷി നെ (42)യാണ് ചക്കരക്കൽ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്. മറ്റൊരു കേസിൽ വാളയാറിൽ പ്രതി അറസ്റ്റിലായെന്ന വിവരം ലഭിച്ചതോടെ ചക്കരക്കൽ പൊലിസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
2024 സെപ്തംബർ അഞ്ചിന് പുലർച്ചെ ബംഗ്ളൂരിൽ നിന്നും വരികയായിരുന്ന റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രുരമായി മർദ്ദിച്ചു ബാഗിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപ കവർന്നത് കാപ്പാട് ടൗണിൽ ഉപേക്ഷിച്ചു വെന്നാണ് പരാതി. ഏച്ചൂർ കമാൽ പീടികയിൽ ബസ് ഇറങ്ങിയ ഉടൻ വ്യാപാരിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സ്ക്രൂഡ്രൈവർ, ഇരുമ്പ് വടി എന്നിവ കൊണ്ടു അതിക്രൂരമായി മർദ്ദിക്കുകയും കാലിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തതിനു ശേഷം പണവും മൊബൈൽ ഫോണും കവരുകയായിരുന്നു. ഇതിനു ശേഷം പുലർച്ചെ ആറു മണിയോടെ കാപ്പാട് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീട്ടിലെത്തിയ റഫീഖ് പിന്നീട് ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നേരത്തെ ഇരിക്കൂർ പെടയങ്ങോട് സ്വദേശി പി.പി ഷിനോജിനെ (40) പൊലിസ് അറസ്റ്റു ചെയ്തിരുന്നു.