കൊച്ചി: 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായരുടേതെന്ന പേരില്‍ വാട്സ്ആപ്പ് വോയിസ് മെസേജുകള്‍ പുറത്തുവന്നു. ചാനലിലെ പ്രധാന റിപ്പോര്‍ട്ടര്‍മാരായ ആര് ശ്രീജിത്തിനേയും ദീപക് ധര്‍മ്മടത്തേയും രൂക്ഷമായി വിര്ശിക്കുന്നതാണ് ഓഡിയോ ക്ലിപ്പുകള്‍.
കൊല്ലത്തുനടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ശ്രീജിത്തും ദീപക്കുമായിരുന്നു 24 ചാനലിലെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‍. എന്നാല്‍, കടുത്ത മത്സരം നിലനില്‍ക്കവെ മറ്റു ചാനലുകള്‍ക്കൊപ്പം ഓടിയെത്താന്‍ 24ന് സാധിച്ചില്ലെന്ന് ശ്രീകണ്ഠന് നായര്‍ വിമര്‍ശിക്കുന്നു. എ കെ ബാലന്റെ എക്സ്ക്ലൂസീവ് മീഡിയാ വണ്ണിനാണ് കിട്ടിയതെന്നും അദ്ദേഹം പറയുന്നുണ്ട്.
ശ്രീജിത്തും ദീപക്കും നോക്കി നില്‍ക്കുമ്പോഴാണ് എകെ ബാലന് പൊട്ടിക്കരയുന്ന എക്സ്ക്ലൂസീവ് മീഡിയാ വണ്ണിന് കിട്ടുന്നത്. ശ്രീജിത്തിന് ഏകോപനം ചെയ്യാനുള്ള കപ്പാസിറ്റിയില്ലെന്ന് എനിക്ക് ബോധ്യമായെന്നും എസ്കെഎന്‍ പറയുന്നു. വിഷയത്തില്‍ ഇരുവരോടും റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആക്ഷനെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രക്ഷേപണ മാധ്യമത്തിന് പറ്റിയതല്ല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ആളുകളുടെ രീതികള്‍. കാര്യമായ ബൈറ്റെടുക്കാന്‍ സാധിച്ചില്ല. ഒരു മീറ്റിങ്ങുപോലും ശ്രീജിത്ത് വിളിച്ചില്ല. വ്യക്തിപരമായ ഈഗോ കൊണ്ട് പല കാര്യങ്ങളും സംപ്രേക്ഷണം ചെയ്തില്ല. ദീപക്കിന്റേയും ശ്രീജിത്തിന്റേയും ഈഗോ 24 പ്രക്ഷേപണത്തെ ബാധിച്ചിട്ടുണ്ട്. ശ്രീജിത്തും ദീപക്കും എന്താണ് സംഭവിച്ചതെന്നത് രേഖാമൂലം അറിയിക്കണം. അതിശക്തമായ തീരുമാനവുമായിട്ട് മുന്നോട്ടുപോവുകയാണെന്നും ശ്രീകണ്ഠന് നായര്‍ മുന്നറിയിപ്പ് നല്കി.
കേരളത്തിലെ ചാനലുകള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് ശ്രീകണ്ഠന് നായര്‍. മത്സരാന്തരീക്ഷത്തില്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍ അപാകം സംഭവിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാനലുകള്‍ക്കിടയില്‍ മാത്രമല്ല ഒരു സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലും ഇഗോയും കിടമത്സരവും നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കൂടിയായി പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍.