ചക്കരക്കൽ : ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ ഭാഗമായുള്ള അശാസ്ത്രീയമായ സർവ്വേ പ്രവർത്തനങ്ങൾക്കും കുടിയൊഴിക്കലിനുമെതിരെ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നു. ചക്കരക്കൽ മൗവ്വഞ്ചേരി മുതൽ സോന റോഡ് വരെയുള്ള പ്രദേശങ്ങളിൽ കെ. ആർ. എഫ്. ബി ഉദ്യോഗസ്ഥർ റോഡ്അളന്ന് സർവ്വേ കുറ്റിയടിക്കുന്നതിനെതിരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂനിറ്റിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ പത്തുമണി മുതൽ പ്രതിഷേധമാരംഭിച്ചത്.
മൗവ്വഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് കെ.ആർ.എഫ്. ബി ഉദ്യോഗസ്ഥർ ഏഴു മീറ്റർ സ്ഥലം അളന്നെടുത്ത് കുറ്റിയടിക്കൽ തുടങ്ങിയത്. ഇതേ തുടർന്നാണ് ചക്കരക്കൽ - തലശേരി റോഡിലെ മൗവ്വഞ്ചേരിബാങ്കിന് സമീപം സംഘടിച്ച വ്യാപാരികൾ പ്രതിഷേധപ്രകടനമായി മൗവ്വഞ്ചേരിയിലേക്ക് നീക്കിയത്. ശനിയാഴ്ച്ച കുറ്റിയടിക്കൽ തടഞ്ഞ മുപ്പതോളം വ്യാപാരികൾക്കെതിരെ ചക്കരക്കൽ പൊലിസ് കെ.ആർ.എഫ്. ബി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തിരുന്നു.
ഈ പശ്ചാത്തലത്തിൽ കുറ്റിയടിക്കൽ പുരോഗമിക്കവെ വൻപൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കിഫ്ബി ഫണ്ടു പ്രകാരമാണ് ചക്കരക്കൽ ടൗൺ വികസനം നടത്താൻ സർക്കാർ തീരുമാനിച്ചത്. റോഡു വീതി കൂട്ടുന്നതിനൊപ്പം അത്യാധുനിക ട്രാഫിക് ഐലൻഡ്, സിഗ്നൽ ലൈറ്റ്, ഡ്രൈനേജ് സംവിധാനം എന്നിവ ഒരുക്കുന്നുണ്ട്. ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തിൽ പങ്കെടുക്കുന്നില്ല. പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയാൽ മുന്നൂറോളം കടകൾ പൊളിച്ചു മാറ്റേണ്ടിവരും.
1500-ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വ്യാപാരികൾ പറഞ്ഞു. എന്നാൽ ജീവിതോപാധി നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചു തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പദ്ധതിയുടെ ഭാഗമായി കടയ്ക്കുള്ളിൽ പോലും കുറ്റിയടിക്കുമെന്നാണ് സൂചന. പുതിയ കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ചു നീക്കേണ്ടിവരും. ആരാധനാലയങ്ങളെയും ബാധിക്കും. ചൂളയിലെ മുത്തപ്പൻ മടപ്പുര , ചക്കരക്കൽ ടൗണിലെ പള്ളി എന്നിവയുടെയും ഒരു ഭാഗം പുന:ക്രമീകരിക്കേണ്ടിവരും. ഏറ്റവും കൂടുതൽ കടകൾ പൊളിച്ചു മാറ്റേണ്ടി വരിക ചക്കരക്കൽ -തലശേരി റോഡിലാണ്.