മാതമംഗലം: കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നല്കിക്കൊണ്ടുള്ള എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ഷൈനി ബിജേഷ് അവതരിപ്പിച്ചു. കാർഷിക മേഖലയിൽ പുതിയ തടയണകൾ നിർമ്മിച്ച് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും, സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനും, ലൈഫ് ഗുണഭോക്താക്കൾക്ക് മുഴുവനായും ആനുകൂല്യം നല്കുന്ന വിധത്തിൽ ഭവന പദ്ധതി നടപ്പാക്കുന്നതിനും ബജറ്റിൽ മുൻതൂക്കം നല്കിയിട്ടുണ്ട്. വനിതകൾക്കും, പ്രത്യേക പരിഗണന ആവശ്യമായ മറ്റ് വിഭാഗങ്ങൾക്കും വേണ്ടത്ര പരിഗണന നല്കിക്കൊണ്ട് ജൻഡർ ബജറ്റ് എന്ന നിലയിലാണ് ഇത്തവണയും ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്.
34727335 രൂപ പ്രാരംഭബാക്കി ഉൾപ്പെടെ 346537935 രൂപ ആകെ വരവ് കണക്കാക്കി തയ്യാറാക്കിയ ബജറ്റിൽ ഉൽപാദന മേഖലയിൽ 126164000 രൂപയും, സേവന മേഖലയിൽ 44073600 രൂപയും, പശ്ചാത്തല മേഖലയിൽ 40851000 രൂപയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും മറ്റ് ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കുമായി 19,84,00,000 രൂപയും ഉൾപ്പെടെ ആകെ 342709600 രൂപ ചെലവ് വരുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇതു പ്രകാരം 3828335 രൂപ മിച്ചം വരുന്ന തരത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
പ്രസിഡൻ്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇൻ ചാർജ് ജോസ് തോമസ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.കെ.രാജൻ , എം കെ കരുണാകരൻ, കെ.സരിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.