ചക്കരക്കൽ : പാനേരിച്ചാൽ കക്കോത്ത് കക്കുന്നത്ത് കാവിൽ ഉത്സവം നടന്നു. കൊണ്ടിരിക്കെ ക്ഷേത്രകുളത്തിൽ എട്ടുവയസുകാരി വീണു മരിച്ച സംഭവം വിവാദമാകുന്നു. ഞായറാഴ്ച്ച വൈകിട്ട് 5.30നാണ് സംഭവം ക്ഷേത്രത്തിൽ നിന്നും 75 മീറ്റർ മാറിയുള്ള ക്ഷേത്രകുളത്തിലാണ് കുട്ടി വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.പാനേരിച്ചാൽ സ്വദേശിയായ സിവിൽ പൊലിസ് ഓഫിസർ വിനീഷിൻ്റെ മകളായ ദേവാംഗന യാണ് അപകടത്തിൽ പെട്ടത്.മിടാവി ലോട് യു.പി സ്കൂൾ വിദ്യാർത്ഥിനിയാണ് കുട്ടി. പൊലിസും നാട്ടുകാരും ചേർന്ന് അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ഷേത്ര ഉത്സവ കമ്മിറ്റിക്കാരുടെ ജാഗ്രത കുറവാണ് കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന ആരോപണം സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നിട്ടുണ്ട്.കുഞ്ഞുങ്ങൾ ഉൾപ്പടെ ആയിരങ്ങളെത്തുന്ന ഉത്സവ പറമ്പിൽ കാവിന് മുൻപിൽ സ്ഥിതി ചെയ്യുന്ന കുളത്തിൽ സുരക്ഷാ ക്രമീകരണങ്ങളോ കാവലോ ഏർപ്പെടുത്തിയില്ലെന്നാണ് പരാതി. ഇതുകൂടാതെ കുട്ടിയുടെ മരണത്തിന് ശേഷം പിറ്റേന്ന് ഉത്സവം കൊങ്കമമായി നടത്തിയതും ആയിരങ്ങൾക്ക് അന്നദാനം നടത്തിയതും അനുചിതമാണെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.
കുട്ടിയുടെ കുടുംബത്തിന് കാവുവായി ബന്ധമുണ്ട്. അമ്മയുടെ അച്ഛൻ ഏറെക്കാലം കാവിൽ എമ്പ്രാനായി ജോലി ചെയ്തു വരികയാണ്. ഈ സാഹചര്യത്തിൽ ഉത്സവം ചടങ്ങുകൾ മാത്രമാക്കി ഒതുക്കി നടത്താതെ മുൻ തീരുമാനപ്രകാരം വിപുലമായി നടത്തുകയായിരുന്നു ഉത്സവ കമ്മിറ്റിക്കാർ' കുട്ടിയുടെ മരണ വിവരം മറച്ചു വെച്ചു കൊണ്ടായിരുന്നു അതെന്നാണ് ആരോപണം. എന്നാൽ തങ്ങൾക്ക് നേരെ നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് ഉത്സവം നടത്തണോ വേണ്ടയോ യെന്നറിയാൻ സ്വർണ പ്രശ്നം നടത്തിയിരുന്നുവെന്നും ഇതിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരമാണ് ഉത്സവം തുടർന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.