79ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക്‌ ഭരണാനുമതി; തളിപ്പറമ്പ മണ്ഡലത്തിൽ 12 വിദ്യാലയങ്ങളിലും മിനി സിവിൽ സ്‌റ്റേഷനിലും നാപ്‌കിൻ വൈൻഡിങ്‌ മെഷീൻമേള

04:45 PM Apr 08, 2025 | AJANYA THACHAN

തളിപ്പറമ്പ : മണ്ഡലത്തിലെ  11 സ്‌കൂളുകളിലും സീമെറ്റ്‌ നഴ്‌സിങ്‌ കോളേജിലും മിനി സിവിൽ സ്‌റ്റേഷനിലും നാപ്‌കിൻ വൈൻഡിങ്‌ മെഷീൻ സ്ഥാപിക്കാൻ 15ലക്ഷം രൂപ എം വി ഗോവിന്ദൻ എംഎൽഎ അനുവദിച്ചു. ഇതുൾപ്പെടെ  മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 79ലക്ഷം രൂപയാണ്‌ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ചത്‌. 
 
ടാഗോർ വിദ്യാനികേതൻ ഹൈസ്കൂൾ ,ജി എച്ച് എസ് കുറ്റ്യേരി, ജി എച്ച് എസ് പാച്ചേനി, കെ കെ എൻ പി എം ഹയർ സെക്കണ്ടറി സ്കൂൾ പരിയാരം, ജി എച്ച് എസ് കാലിക്കടവ്,ജി എച്ച് എസ് ചെറിയൂർ, ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ, ജി എച്ച് എസ് ചട്ടുകപ്പാറ, എകെ എസ് ജി എച്ച് എസ് എസ് മലപ്പട്ടം,ജി എച്ച് എസ് തടിക്കടവ്, ജി വി എച്ച് എസ് എസ് കുറുമാത്തൂർ എന്നീ സ്‌കൂളുകളിലാണ്‌ നാപ്‌കിൻ വൈൻഡിങ്‌ മെഷീൻ സ്ഥാപിക്കുക.  

സ്മാർട്ട് കമ്പ്യൂട്ടർ ലാബ്‌ ഒരുക്കാൻ ജി എച്ച് എസ് എസ് ചട്ടുകപ്പാറക്കും ജി വി എച്ച് എസ് എസ് കുറുമാത്തൂരിനും 10 ലക്ഷം രൂപ വീതവും  അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും  ഘട്ടം ഘട്ടമായി കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും തുക അനുവദിച്ചത്. കണക്ടിങ്‌ തളിപ്പറമ്പിന്റെ ഭാഗമായി ഏഴ്‌ പഞ്ചായത്തിലും രണ്ട്‌  നഗരസഭയിലുമുള്ള  ജോബ് സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ, പ്രിന്റർ, ഫർണിച്ചർ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 7.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌. 

തളിപ്പറമ്പിലെ പ്രശസ്‌തമായ രാജരാജേശ്വരം ക്ഷേത്രം റോഡിൽ നിലവിൽ റോഡ് നവീകരണത്തോടൊപ്പം കവാടം സ്ഥാപിക്കാനും സൗന്ദര്യവൽക്കരണത്തിനുമായി   19 ലക്ഷം രൂപയുടെ പ്രവർത്തിക്കും ഭരണാനുമതിയയി. ആന്തൂർ, കുറുമാത്തൂർ, പന്നിയൂർ, പരിയാരം, കുറ്റ്യേരി, കയരളം, തിമിരി, കുറ്റ്യാട്ടൂർ, മാണിയൂർ, കൊളച്ചേരി, ചേലേരി, മോറാഴ, മലപ്പട്ടം വില്ലേജ് ഓഫീസുകൾ ആധുനികവൽക്കരിക്കാൻ 17.5 ലക്ഷംരൂപയും അനുവദിച്ചു.  ഇതോടെ മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും നവീകരിക്കപ്പെട്ട്‌, ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാകും.