കണ്ണൂർ : കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും കണ്ണൂർ മുൻസിപ്പൽ കോർപറേഷനും സംയുക്തമായി ചിത്ര ചന്ത നടത്തുമെന്ന് സംഘാടക സമിതി വർക്കിങ് ചെയർമാൻ പ്രമോദ് അടുത്തില കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 12 ന് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴു മണി വരെ കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിന് സമീപം പാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ചിത്ര ചന്ത നടത്തുന്നത്.
പൊതുജനങ്ങൾ, ഗവ. സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ വിദേശികൾ തുടങ്ങി വിവിധ മേഖലകളിലുള്ള ആളുകൾക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കാനും വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിത്രകാരൻമാർക്ക് അവർ രചിച്ച ചിത്രങ്ങൾ വിൽക്കുവാനുള്ള മികച്ച അവസരമാണ് ചിത്ര ചന്തയിലൂടെ ഒരുക്കിയിട്ടുള്ളതെന്ന് പ്രമോദ് അടുത്തില പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയാകും. എബിഎൻ ജോസഫ്. ബാബു കോടഞ്ചേരി, സജികുമാർ കൊട്ടോടി എന്നിവരെ ഡെപ്യുട്ടി മേയർ അഡ്വ. പി. ഇന്ദിര ആദരിക്കും. വാർത്താ സമ്മേളനത്തിൽ ചിത്രകലാ പരിഷത്ത് ഭാരവാഹികളായ കെ.പി പ്രമോദ്, സുമമഹേഷ്.അനൂപ് കൊയ്യം, മഹേഷ് മറോളി എന്നിവരും പങ്കെടുത്തു.