കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ ചോദ്യപേപ്പർ വാട്‌സാപ്പിൽ ചോർത്തി: സിൻഡിക്കേറ്റ് സമിതി അന്വേഷണമാരംഭിച്ചതായി വി.സി

09:15 AM Apr 19, 2025 | AVANI MV


കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്‌സാപ്പ് വഴി ചോർത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം.കാസർകോട് ജില്ലയിലെ പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ നിന്നാണ് ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. ഇതിൻ്റെ ചോദ്യപേപ്പറാണ് വാട്സ്ആപ്പിൽ ചോർന്ന് ചില വിദ്യാർത്ഥികൾക്ക് ലഭിച്ചത്.

സംഭവത്തിൽ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോളജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല അധികൃതർ വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് സർവകലാശാല സ്ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. സംഭവം ഗൗരവ കരമാണെന്നും സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.