കണ്ണൂർ: പൈതൃക സാംസ്കാരിക ടൂറിസത്തിന് മലബാറിൽ വലിയ സാധ്യതകളാണ് ഉള്ളതെന്നും, ഗ്രാമ നഗര വ്യത്യാസില്ലാതെ പ്രാദേശിക അനുഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ വിനോദ സഞ്ചാരികൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികൾ നാം ആവിഷ്‌കരിക്കണമെന്നും കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സി. ഇ. ഒ രൂപേഷ് കുമാർ അഭിപ്രായപ്പെട്ടു.
ലോക പൈതൃക ദിനത്തിൽ പുറത്തിറക്കിയ സിറ്റി ഹെറിറ്റേജ് ബ്രോഷറിൻ്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ വിവിധ പ്രദേശങ്ങളിൽ റെസ്‌പോൺസിബിൾ ടൂറിസം മിഷനുമായി സഹകരിച്ച് സിറ്റി ഹെറിറ്റെജിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന പൈതൃക സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃക പരമാണ്, അന്തർദേശീയ ഏജൻസികളും, സാധാരണ ഹോംസ്റ്റെ സംരംഭകരും സിറ്റി ഹെറിറ്റേജിൻ്റെ ഗുണഭോക്താക്കളാണ്.
നാട്ടിലെ വിദ്യാർത്ഥികളും,അക്കാദമിക ഗവേഷകരും, വിദേശ വിനോദ സഞ്ചാരികളും മുതൽ വിദ്യാഭ്യസ പ്രൊഫനഷണൽ സ്ഥാപനങ്ങൾ വരെ ഇതിനകം ഹെറിറ്റേജ് യാത്രയുടെ ഭാഗമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക പൈതൃക ദിനത്തിൽ പ്രസിദ്ധീകരിച്ച ബ്രോഷറിൽ മലബാറിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന ഹെറിറ്റേജ് യാത്രകൾ, അനുഭവങ്ങൾ, ഹെറിറ്റേജ് വാക്കുകൾ, പാരമ്പര്യ രുചിയനുഭവങ്ങൾ, തുടങ്ങി വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സൗകര്യപ്രദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ഹോംസ്റ്റെ ആൻഡ് ടൂറിസം സൊസൈറ്റിയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇ.വി ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റി ഹെറിറ്റേജ് ഡയറകർ മുഹമ്മദ് ശിഹാദ് സിറ്റി ഹെറിറ്റേജ് പ്രോഗ്രാം കോർഡിനേറ്റർ ഫാത്തിമ തസ്‌നീം എന്നിവർ സംസാരിച്ചു.
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് സിറ്റി ഹെറിറ്റേജ് പുറത്തിറക്കിയ ബ്രോഷർ കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സി.ഇ.ഒ രൂപേഷ് കുമാർ പ്രകാശനം ചെയ്യുന്നു.