ചോദ്യപേപ്പർ ചോർച്ച: കണ്ണൂർ സർവ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തി പ്രതിഷേധ മാർച്ചിൽ പൊലിസുമായി ഉന്തുംതള്ളും

02:39 PM Apr 19, 2025 | AVANI MV

കണ്ണൂർ: ബി.സി.എപരീക്ഷ ചോദ്യപ്പേപ്പർ വിതരണത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ ഗ്രീൻവുഡ്  ആർട്സ് ആൻഡ് സയൻസ് കോളേജിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തി.പ്രതിഷേധ മാർച്ചിനിടെ പൊലിസും കെ എസ് യു നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂനിവേഴ്സിറ്റി പ്രവേശന കവാടത്തിൻ്റെ ഗ്രിൽസ് പിടിച്ചു കുലുക്കി അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കി. ഇതേ തുടർന്ന് പൊലിസും കെ എസ്.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബലപ്രയോഗത്തിലൂടെയാണ് കണ്ണൂർ ടൗൺഎസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകരെ പൊലിസ് വാഹനത്തിൽ കയറ്റിയത്.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ .അർജുൻ കോറോം, കാവ്യ ദിവാകരൻ, അഭിജിത്ത് മടത്തിക്കുളം, അനഘ രവീന്ദ്രൻ,നഹീൽ ടി, തീർത്ഥ നാരായണൻ, അർജുൻ ചാലാട്, വൈഷ്ണവ് കായലോട്, ചാൾസ് സണ്ണി, അബിൻ കെ,പ്രകീർത്ത് മുണ്ടേരി,ദേവനന്ദ കാടാച്ചിറ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.എല്ലാ സംവിധാനങ്ങളും ഒരുങ്ങുന്നത് വരെ പരീക്ഷ ചോദ്യപ്പേപ്പർ കോളേജിലേക്ക് ഇ -മെയിൽ ചെയ്ത് ക്യാമ്പസ്സിൽ നിന്നും പ്രിന്റ് എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും യൂണിവേഴ്സിറ്റി പരീക്ഷകൾക്ക്‌ സുതാര്യത ഉറപ്പ് വരുത്തണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.


കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയുംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലറായിരുന്ന സമയത്ത് ആരംഭിച്ച ഈ രീതിയിൽ കെ എസ് യു അന്ന് മുതലേ ആശങ്കകൾ അറിയിച്ചിരുന്നുവെന്നും  ഏപ്രിൽ 7 മുതൽ ആരംഭിച്ച നാലാം സെമസ്റ്റർ പരീക്ഷയെഴുതാൻ ഗ്രീൻവുഡ് കോളേജിലെ വിദ്യാർത്ഥികൾക്ക് കാസർഗോഡ് ഗവണ്മെന്റ് കോളേജിലേക്ക് സെന്റർ അനുവദിച്ച യൂണിവേഴ്സിറ്റി നടപടി ഇത്തരം ക്രമക്കേടുകൾ വ്യാപകമായി നടക്കുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു . കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും കോളേജുകളിൽ കൃത്യമായ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നത് വരെ മെയിൽ ചെയ്ത് ചോദ്യപേപ്പർ പ്രിന്റ് എടുപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും എം.സി അതുൽ പറഞ്ഞു.കെ.എസ്.യു സമരത്തെ നേരിടുന്നതിനായി കനത്ത  സുരക്ഷാ ക്രമീകരണങ്ങൾ കണ്ണൂർ ടൗൺ പൊലിസ് ഏർപ്പെടുത്തിയിരുന്നു.