കണ്ണൂർ മെഡിക്കൽ കോളേജിലെ പീഡനം; സസ്പെൻഡ് ചെയ്ത കാത് ലാബ് ടെക്നീഷ്യനെതിരായ പരാതി പൊലിസിന് കൈമാറും

04:40 PM Apr 25, 2025 |


കണ്ണൂർ : വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന് ആരോപണമുയർന്ന പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെയുള്ള പരാതി പൊലിസിന് കൈമാറും. കാത് ലാബ് ടെക്നീഷ്യൻ വിളയാങ്കോട് സ്വദേശിക്കെതിരെയാണ് പരാതി ഉയർന്നത്. താൽക്കാലിക ജീവനക്കാരനായ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. 12 വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ പീഡന ശ്രമത്തിന് പരാതി നൽകിയത്. 

പരാതിയിൽ ഡോക്ടർമാരായ സവിധ, സുധ എന്നിവർ അന്വേഷണം നടത്തി വസ്തുതാപരമാണെന്ന് കണ്ടെത്തുകയായിരുന്നു. കാത് ലാബിലെ 12 വിദ്യാർത്ഥിനികൾ ഒന്നിച്ചാണ് പരാതി നൽകിയത്. മെഡിക്കൽ സൂപ്രണ്ട് സ്ഥലത്ത് എത്തിയതിനാൽ പരാതി പൊലിസിന് കൈമാറും. കാത് ലാബിൻ്റെ മേധാവിയായി നടിക്കുന്ന ഇയാൾക്കെതിരെ നേരത്തെയും വ്യാപാക പരാതിയുണ്ടായിരുന്നു. പ്രാദേശിക സി.പി.എം നേതാവായ തിനാലാണ് നടപടികളിൽ നിന്നും ഒഴിവായത്. 

ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റെൻ്റ് വാങ്ങുന്നതിൽ അഴിമതി നടത്തുന്നുവെന്ന് ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ ഇയാളെ വകുപ്പിൽ ജോലി ചെയ്യുന്ന ചില ഡോക്ടർമാരുടെ സ്വാധീനവും സി.പി.എം പ്രാദേശിക നേതാവാണെന്ന സ്വാധീനവും രക്ഷപ്പെടുത്തുകയായിരുന്നു. സി.പി.എം നിയന്ത്രിക്കുന്ന വികസന സമിതി മേൽനോട്ടം നടത്തുന്ന പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെതിരെ കോടികളുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവവും കൂടി പുറത്തുവന്നത്.