+

കണ്ണൂർ വിമാന താവളത്തിനെ മറയാക്കി വ്യാജ ജോലി തട്ടിപ്പ് ; തട്ടിപ്പുസംഘത്തെ കുരുക്കാൻ വലവിരിച്ച് പൊലിസ്

മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്രവിമാന താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത്   ലക്ഷങ്ങളുടെ തട്ടിപ്പ് .

കണ്ണൂർ : മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്രവിമാന താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് 
 ലക്ഷങ്ങളുടെ തട്ടിപ്പ് . നൂറു കണക്കിനാളുകൾക്കാണ് തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടത്. വിമാന താവളം കേന്ദ്രീകരിച്ച്‌ ഗ്ലോബൽ കാർഗോ സർവ്വീസ് എന്ന പേരിൽ സ്ഥാപനം തുടങ്ങുന്നുണ്ടെന്ന് കാട്ടിയാണ് നിരവധി പേരെ പറ്റിച്ചത്.

കമ്പനിയിൽ ജോലി തരാമെന്ന വാഗ്ദാനത്തിൽ മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങി എന്നാണ് വിവരം. ഇരുപതിനായിരം രൂപയിലധികം ശമ്പളവും വാഗ്ദാനവും നൽകി.മട്ടന്നൂർ വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്ക് ഇത്തരത്തിൽ പണം നൽകിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അറിയിപ്പ് നൽകി മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തുകയുംചെയ്തു. 

എന്നാൽ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ സ്ഥലം എം എൽ എ കെ കെ ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെയൊരു സ്ഥാപനത്തെ കുറിച്ചോ ജോലിയെ കുറിച്ചോ എം എൽ എ ഓഫീസിൽ ഒരു വിവരവുമുണ്ടായിരുന്നില്ല.

അവിടെ നിന്ന് കിൻഫ്രയുടെ ഓഫീസുമായും ബന്ധപ്പെട്ടു. എന്നാൽ ഇത്തരമൊരു കമ്പിനാ അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചത്. ഞായറഴ്ച മാത്രം എഴുപതോളം പേർ ജോലിക്കായി എത്തിയിരുന്നു. തട്ടിപ്പാണെന്ന് വ്യക്തമായതോടെ ഉദ്യോഗാർത്ഥികൾ പൊലീസിൽ പരാതി നൽകി. വിവിധ ജില്ലകളിലുള്ളവരാണ് തട്ടിപ്പിൽ കുടുങ്ങിയത്.

ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. ജോലി തട്ടിപ്പിന്റെ വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. വിവരം പുറത്തായതോടെ മെയ്‌ ഒന്നിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് പണം തിരികെ നൽകുമെന്ന് തട്ടിപ്പു സംഘം പറഞ്ഞിട്ടുണ്ടെങ്കിലും തട്ടിപ്പിന് പിന്നിലെ കേന്ദ്രങ്ങളെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.

facebook twitter