കണ്ണൂർ: മാടായിപ്പാറയിൽ മൂന്നാം സംരക്ഷണ സമരം നടത്തുമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൈനാ ക്ളേ ഖനനം, ലിഗ്നേറ്റ് ഖനനപദ്ധതിക്കെതിരെ നടത്തി സമരം വിജയിപ്പിച്ചതുപോലെ മൂന്നാം സമരവും സർക്കാരിൻ്റെ കണ്ണു തുറപ്പിക്കുമെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ടൂറിസം വികസനത്തിൻ്റെ പേരിൽ മാടായിപ്പാറയുടെ ജൈവ വൈവിധ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്ര ഭൂമിയായ മാടായിപ്പാറയിൽ രാത്രികാലങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങളെത്തി മാടായിപ്പാറയെ ഇല്ലാതാക്കുകയാണ്.
മാടായിപ്പാറയുടെ അനുബന്ധ ഭൂമികൾ കൈയ്യെറുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് മാനിച്ച് മാടായിപ്പാറ സംരക്ഷണ കാര്യങ്ങളിൽ പൊലിസ് ഇടപെടണം. ഭക്ഷണസാധനങ്ങൾ കൊണ്ടുവന്ന് കഴിക്കുന്നതിനാൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടുകയാണ് ചെയ്യുന്നത്. മാടായിപ്പാറ സംരക്ഷിക്കുന്നതിനായി മെയ് ഏഴു മുതൽ പതിനൊന്നു വരെ അഞ്ചു ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ആറു മണി വരെ മാടായിപ്പാറയിൽ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സത്യാഗ്രഹം നടത്തി മൂന്നാം സംരക്ഷണ പ്രവർത്തനത്തിന് തുടക്കം കുറിക്കും.
ആറിന് വൈകുന്നേരം അഞ്ച് മണിക്ക് പാറയിലെ ടി. ബി മുതൽ പഴയങ്ങാടി ടൗൺ വരെ സത്യാഗ്രഹവിളംബര ജാഥ നടത്തും. ഏഴിന് വൈകിട്ട് നാലു മണിക്ക് കണ്ണൂർ വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് സായാഹ്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കെ.പി ചന്ദ്രാംഗദൻ ,വി.പി മുഹമ്മദലി, ഇ.ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.