ദേശീയപാതയോരത്തെ മാലിന്യം തള്ളൽ, പിഴ അടക്കേണ്ടത് കരാർ ഏജൻസിയാണെന്ന് കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ

09:59 AM May 06, 2025 | AVANI MV


കണ്ണൂർ: പരിയാരത്തെ കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും ശൗചാലയമാലിന്യം  ദേശീയപാത ബൈപ്പാസ് റോഡിൽ ഒഴുക്കിവിട്ട സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. വസ്തുതകൾ പൂര്‍ണമായും മനസിലാക്കാതെയാണ് ചിലർ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജിനെതിരെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിപ്പിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ മലിനജല പ്ലാന്റിലെ കളക്ഷന്‍ ടാങ്ക് ശുചീകരിക്കുന്നതും നവീകരിക്കുന്നതുമായ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. 

നിശ്ചിത ഇടവേളകളില്‍ അനിവാര്യമായ പ്രവൃത്തിയാണിത്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുതന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍ ഏറ്റെടുത്തവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതുമാണ്. എന്നാല്‍, ശുചീകരണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തയാള്‍ ഏജന്‍സി വഴി ഏല്‍പ്പിച്ച തൊഴിലാളികള്‍, ആശുപത്രി കോംപൗണ്ടിന് പുറത്ത് മാലിന്യം തള്ളുന്ന സ്ഥിതിയുണ്ടായി. ഈക്കാര്യം അറിഞ്ഞയുടന്‍ ഇടപെടുകയും സ്റ്റോപ്പ് മെമ്മോ കൊടുത്തതുമാണ്. സ്ഥാപനം അറിഞ്ഞുകൊണ്ടല്ലാതെയുണ്ടായ ഈ പ്രവൃത്തിയുടെ ഉത്തരവാദിത്തം, ശുചീകരണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്കാണ്.ഏറെ സൂക്ഷ്മതയോടെ ഏറ്റെടുക്കേണ്ടുന്ന മലിനജല പ്ലാന്റിലെ കളക്ഷന്‍ ടാങ്ക് ശുചീകരിക്കുന്ന പ്രവൃത്തി  അങ്ങനെയല്ലാതെ അവര്‍ കൈകാര്യം ചെയ്തതിന്റെ ഭാഗമായാണ് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയത്. 

എന്നാലിത് അടക്കേണ്ട ഉത്തരവാദിത്തം ഈ പ്രവൃത്തി കൃത്യമായി ചെയ്തുനല്‍കാമെന്ന ഉറപ്പില്‍ കരാര്‍ പ്രകാരം ജോലി ഏറ്റെടുത്ത ഏജന്‍സിക്കായതിനാല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പിഴയിട്ട നടപടി ഒഴിവാക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. പിഴ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍, ശുചീകരണക്കരാര്‍ ഏറ്റെടുത്ത ഏജന്‍സിയില്‍ നിന്നും പ്രസ്തുത പിഴത്തുക ഈടാക്കി അടക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതാണെന്ന കാര്യം അറിയിച്ചതാണെന്നും പ്രിന്‍സിപ്പാള്‍  വ്യക്തമാക്കി.