+

സുധാകരനെ ഒതുക്കാൻ അനാരോഗ്യം കരുവാക്കുന്നു, പിന്നിൽ ഉന്നത നേതാക്കളെന്ന ആരോപണവുമായി അണികൾ

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഒത്തുകളിക്കുന്നതായി ആരോപണം.

കണ്ണൂർ: കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഒത്തുകളിക്കുന്നതായി ആരോപണം. കണ്ണൂരിൽ സുധാകരനെ അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരുമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്.

ഇരു നേതാക്കൾക്കു മെതിരെ സോഷ്യൽ മീഡിയയിൽ പരോക്ഷമായ ആരോപണം ഇവർ ഉന്നയിക്കുന്നുണ്ട്. കെ. സുധാകരന് അനാരോഗ്യമാണെന്ന് ഇരുനേതാക്കളുടെയും ക്യാംപിൽ നിന്നാണ് പ്രചരണം നടക്കുന്നതെന്നാണ് കണ്ണൂരിൽ സുധാകരനെ അനുകൂലിക്കുന്ന നേതാക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ കത്തയക്കാനാണ് ഇവരുടെ തീരുമാനം.

 കേരളത്തിൻറെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് നേരെയും കെ സുധാകരൻ പക്ഷം തിരിഞ്ഞിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഈ പ്രതിസന്ധിയെല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷിയാണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആവശ്യപ്പെട്ടിരിക്കുന്നത്. ഈക്കാര്യം രാഹുൽ ഗാന്ധിയെ ഇമെയിൽ വഴിഅറിയിച്ചിട്ടുണ്ട്. സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.

k sudhakaran

നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ആകെ പ്രതിസന്ധി ഉടലെടുത്തിരിക്കെയാണ് കെ സുധാകരൻ പക്ഷം ദേശീയ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം. എന്നാൽ സമ്പൂ‍ർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ ചുമതലയിൽ നിന്നും മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.

 കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്ന് വേണം കരുതാൻ.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ മല്ലികാർജുൻ ഖ‍‍‍ർ​ഗെയും രാഹുൽ ​ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം.

Trending :
facebook twitter