തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കൽ. കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും യു.ഡി.എഫ് കൺവീനറായി അടൂർ പ്രകാശ് എം.പിയും ഇന്ന് ചുമതലയേൽക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികൾ നടത്തുന്നത്. മുതിർന്ന തേതാക്കൾ ഉൾപ്പെടെ കെ. സുധാകരൻ അധ്യക്ഷനായി തുടരണമെന്ന് ആവശ്യവുമായി രംഗത്തുവന്നെങ്കിലും നേതൃമാറ്റമെന്ന തീരുമാനവുമായി എ.ഐ.സി.സി മുന്നോട്ടുപോകുകയായിരുന്നു. നിലവിലെ യു.ഡി.എഫ് കൺവീനറായ എം.എം. ഹസ്സൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ധീഖ് എന്നിവരെ പദവിയിൽനിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന കത്തോലിക്കാ വോട്ടുകൾ ബി.ജെ.പി ചോർത്തുകയും എ.കെ. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും പോലൊരു ക്രിസ്ത്യൻ നേതാവ് കേരളത്തിൽ കോൺഗ്രസിന്റെ തലപ്പത്ത് ഇല്ലാതിരിക്കുകയും ചെയ്തതാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള നേതാവിനെ കൊണ്ടുവരുന്നതിന് വഴിവെച്ചത്. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.