തലശേരി ലോഗൻസ് റോഡ് പുനർനിർമ്മാണം അന്തിമഘട്ടത്തിൽ ; മെയ് 19ന് ഭാഗികമായി തുറന്നു കൊടുക്കും

07:20 PM May 12, 2025 | Neha Nair

തലശേരി : തലശേരി നഗരത്തിലെലോഗൻസ് റോഡിൽ സ്റ്റേറ്റ് ബാങ്ക് ജങ്ഷൻ വരെ നവീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. ലോഗൻസ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന ജങ്ഷനുകളിൽ ട്രാഫിക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്‌ട് (കെ.എസ്.ടി.പി) മുഖേന അനുവദിച്ച ആറ് കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്.  ട്രാഫിക് യൂനിറ്റ് മുതൽ മണവാട്ടി കവല വരെ റോഡരികിലെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യം തുടങ്ങിയത്. റോഡിലെ നിലവിലെ ഇന്റർലോക്ക്‌ കട്ട മാറ്റിയാണ് കോൺക്രീറ്റ് ചെയ്യുന്നത്.

റോഡ് നവീകരണത്തോടൊപ്പം അഴുക്കുചാലും പുതുക്കിപ്പണിയുന്നുണ്ട്. റോഡിലേക്ക്‌ തള്ളിനിൽക്കുന്ന വൈദ്യുതി പോസ്‌റ്റുകളും മാറ്റിസ്ഥാപിക്കും. റോഡിന് ഇരുവശത്തും 60 സെന്റിമീറ്ററിൽ ഇന്റർലോക്ക്‌ പതിക്കും.
ചിലയിടങ്ങളിൽ കൈവരിയുമുണ്ടാകും.

Trending :

കഴിഞ്ഞ ഏപ്രിൽ 16നാണ് പ്രവൃത്തി ആരംഭിച്ചത്. ഒ.വി റോഡ്, എം.ജി റോഡ്, ആശുപത്രി റോഡ് എന്നിവ നേരത്തെ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു.  തലശേരി നഗരത്തിലെ പ്രധാന റോഡായ ലോഗൻസ്‌ റോഡിലും കോൺക്രീറ്റ് നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിൽ വാഹന ഗതാഗതം ഇനി സുഗമമാവും. പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ വാഹന ഗതാഗതത്തിന് ഭാഗികമായി മെയ് 19 മുതൽ തുറന്നു കൊടുക്കാനാണ് നഗരസഭ ആലോചിക്കുന്നത്.