കുടുംബശ്രീ അരങ്ങ് കണ്ണൂർ ജില്ലാ കലോത്സവത്തിനൊരുങ്ങി തളിപ്പറമ്പ്

03:05 PM May 13, 2025 | Neha Nair

കണ്ണൂർ : കുടുംബശ്രീ അരങ്ങ് കണ്ണൂർ ജില്ലാ കലോത്സവത്തിനൊരുങ്ങി തളിപ്പറമ്പ് നഗരം. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ തല അരങ്ങ് സർഗോത്സവത്തിന് വ്യാഴാഴ്ചയാണ് തുടക്കമാകുക. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന അരങ്ങ് കലോത്സവത്തിന്റെ  ജില്ലാ തല പരിപാടിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആണ് വേദിയൊരുക്കുന്നത്.

തളിപ്പറമ്പിൽ 15,16 തീയതികളിൽ ആയി നടക്കുന്ന അരങ്ങ് സർഗോത്സവത്തിൽ ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസുകളിൽ നിന്നുമായി 3000ൽ പരം കുടുംബശ്രീ  അയൽക്കൂട്ടം അംഗങ്ങളും  ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും 49 വ്യത്യസ്ത മത്സരങ്ങളിൽ രണ്ട് ദിവസങ്ങളിൽ ആയി മത്സരിക്കും.

 40 വയസ്സിൽ താഴെ ഉള്ളവർ ജൂനിയർ കാറ്റഗറിയിലും 40 വയസിന് മുകളിൽ ഉള്ളവർ സീനിയർ കാറ്റഗറിയിലും  ആയാണ് മത്സരിക്കുന്നത്.  സി ഡി എസ് തലത്തിലും തുടർന്ന് താലൂക്ക് അടിസ്ഥാനത്തിലും നടത്തിയ അരങ്ങ് കലോത്സവങ്ങളിൽ നിന്നും വിജയികളായവർ ആണ് ജില്ലാ കലോത്സവത്തിൽ മാറ്റുരക്കാനെത്തുന്നത്.

കലോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകരും സ്‌കൂഫെ പ്രവർത്തകരും ഒരുക്കുന്ന ഭക്ഷ്യ  ഉത്പന്ന വിപണന മേളയും, മറ്റ് കടുംബശ്രീ സംരംഭകരുടെ ഉത്പന്ന പ്രദർശനങ്ങളും നടക്കും. കുടുംബശ്രീ 27 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഇത്‌ ആറാം തവണയാണ് അരങ് സർഗോത്സവം സംഘടിപ്പിക്കുന്നത്.

സർഗോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഓക്സിലറി അംഗങ്ങൾ  അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, വിളമ്പര ഘോഷയാത്രയും നടക്കും. 15 ന് രാവിലെ 10മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി അരങ്ങ് സർഗോൽസവം ഉത്ഘാടനം ചെയ്യും. സിനിമാ താരം അഖില ഭാർഗവൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
 
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ സ്വാഗതവും, തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ അധ്യക്ഷനുമാകും.16 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്യും. തളിപ്പറമ്പ് നഗരസഭ ചെയ്യർപേഴ്സൻ ശ്രീമതി മുർഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.