മട്ടന്നൂർ : മെയ് 14 ന് രാത്രി വരെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിനായി യാത്ര തിരിച്ചത് 1360 തീർഥാടകർ. ഇതിൽ 1124 യാത്രികരും സ്ത്രീകളാണ്. 236 പുരുഷന്മാർ മാത്രമാണ് ഇതുവരെ ഹജ്ജിന് പുറപ്പെട്ടത്. മേയ് ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. മേയ് 11 മുതലാണ് ഹജ്ജ് തീർഥാടകരുമായി വിമാനം യാത്ര തുടങ്ങിയത്.
രണ്ട് വിമാനങ്ങളിലായി 340 വീതം തീർഥാടകരാണ് ഓരോ ദിവസവൂം യാത്ര പോകുന്നത്. വ്യാഴാഴ്ച പുലർച്ചെ 3.45നുള്ള വിമാനത്തിൽ 169ഉം രാത്രി 7.45നുള്ള വിമാനത്തിൽ 171 യാത്രക്കാരുമാണ് യാത്രക്കാർ. രണ്ട് വിമാനങ്ങളിലുമായി 173 പുരുഷന്മാരും 167 സ്ത്രീകളുമാണ് ഹജ്ജ് തീർഥാടകർ.
ബുധനാഴ്ച പുലർച്ചെ 3.45നു പുറപ്പെട്ട വിമാനത്തിൽ 171 പേരായിരുന്നു യാത്രക്കാർ. ഇതിൽ 45 പുരുഷന്മാരും 126 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രാത്രി 7.30നു പറന്നുയർന്ന വിമാനത്തിൽ 39 പുരുഷന്മാരും 130 സ്ത്രീകളുമാണ് യാത്ര ചെയ്തത്.
ഹജ്ജ് സെൽ.... കണ്ണിമ വെട്ടാതെ ജാഗ്രതയോടെ
രാപകൽ ഭേദമില്ലാതെ അവർ സേവനം നടത്തുകയാണ്. ഒരു ചെറിയ പിഴവ്പോലും സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയാണ് അവർ ഓരോദിവസവും മുന്നോട്ടു പോകുന്നത്. അതിനായി കണ്ണിമവെട്ടാതെ 24 മണിക്കൂറും ഹജ്ജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഹജ്ജ് സെൽ ജീവനക്കാർ. കണ്ണൂരിലെ ഹജ്ജ് ക്യാമ്പിലെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 31 അംഗ സർക്കാർ ഉദ്യോഗസ്ഥരാണ്. സെൽ ഓഫീസറായി പ്രവർത്തനങ്ങൾക്ക് ന്വേതൃത്വം നൽകുന്നത് പൊലീസ് സുപ്രണ്ട് എസ്. നജീബാണ്. വിവിധ വകുപ്പുകളിൽനിന്ന് നിയുക്തരായ 30അംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 29 വിമാനങ്ങളാണ് സൗദിലേക്ക് ഈ ഹജ്ജ് കാലയളവിൽ പറന്നുയരുന്നത്. ഹാജിമാർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ ജിദ്ദയിൽ എത്തുന്നത് വരെയും അവിടെ നിന്നും തിരിച്ച് നാട്ടിലേക്കുള്ള ലെഗേജ് കൈമാറുന്നത് വരെയുമുള്ള ഔദ്യോഗിക ചുമതല, ലഗേജ് സ്വീകരിക്കൽ, യാത്രാ രേഖകൾ തയാറാക്കി നൽകൽ, പാസ് പോർട്ട്, വിസ, കണ്ണൂരിൽ നിന്നും ജിദ്ദയിലേക്കും ഹാജിമാർ തിരിച്ച് മദീനയിൽ നിന്നും കണ്ണൂരിലേക്കുമുള്ള ബോർഡിങ് പാസുകളുടെ വിതരണം, ഹാജിമാരുടെ തിരിച്ചറിയൽ കാർഡ്, സ്റ്റീൽ വളകൾ, ഹെൽത്ത് ആൻഡ് ട്രയിനിങ് കാർഡ് പരിശോധിച്ച് യഥാവിധിയാണോയെന്ന് ഉറപ്പ് വരുത്തൽ, മാർഗനിർദ്ദേശങ്ങൾ നൽകൽ, മെഡിക്കൽ സഹായം ഹജ്ജ് ക്യാമ്പിലെ സംഘാടക സമിതിയുമായി സഹകരിച്ച് ഹാജിമാർക്കുള്ള താമസം, ഭക്ഷണം, പ്രാർഥന, മെഡിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഹാജിമാരുടെ ക്ഷേമങ്ങൾ ഉറപ്പ് വരുത്തുന്നത് ഹജ്ജ് സെൽ ആണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന ഹജ്ജ് കമ്മിറ്റി, എയർപോർട്ട് അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെൻറ്, വിദേശകാര്യ വകുപ്പ്, ജിദ്ദ കോൺസുലേറ്റ് തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കുകയെന്നതും ഹജജ് സെല്ലിന്റെ പ്രധാന ചുമതലയാണ്.