ഒൻപത്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ് ; റിമാൻഡിലായവരിൽ തലശ്ശേരി നഗരസഭാ മുൻ കൗണ്‍സിലറായിരുന്ന സിഒടി നസീർ വധശ്രമ കേസിലെ പ്രതി റോഷൻ ബാബുവും

08:30 PM May 14, 2025 | Neha Nair

തലശേരി : കരിപ്പൂര്‍ വിമാനത്താവളം വഴി ഒൻപതു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവരിൽ തലശ്ശേരി നഗരസഭാ മുൻ കൗണ്‍സിലറായിരുന്ന  സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയും സി.പി.എം പ്രവർത്തകനുമായ പെരുന്താറ്റില്‍ റോഷന്‍ ആര്‍ ബാബുവും. ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ തലശേരിയിലെ സജീവ സി.പി.എം പ്രവർത്തകനും ചില പ്രമുഖ നേതാക്കളുടെ വിശ്വസ്തനുമാണിയാൾ.

യുഎഇയിലെ അബൂദാബിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രിയിൽ എയർപോർട്ട് പൊലിസ് പിടിച്ചെടുത്തത്. സംഭവത്തിൽ റോഷൻ ബാബുവിനൊപ്പം മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ റിജിലി(35)നെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസംരാത്രി എട്ടുമണിക്ക് അബൂദബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനത്തിൽ വന്ന യാത്രക്കാരനാണ് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാളിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തി കാത്തുനിൽക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് ആദ്യം പോലിസിന്റെ പിടിയിലായത്.

വിമാനത്താവള പരിസരത്ത് ദുരൂഹസാഹചര്യത്തിൽ കറങ്ങി നടക്കുന്നത് കണ്ടപ്പോഴാണ് ഇവരെ ചോദ്യം ചെയ്തത്. ബാങ്കോക്കിൽ നിന്നും അബൂദബി വഴി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങൾ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാൾ വിമാനത്താവളം വിട്ടിരുന്നു.

എയർപോർട്ട് ടാക്‌സിയിലാണ് ഇയാൾ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലിസ് ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടു. ഡ്രൈവർ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരൻ, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറിൽ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗ്ഗേജ് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.സി.ഒ.ടി നസീറിനെ ആക്രമിച്ച കാലത്ത് റോഷൻ ആർ ബാബു സിപിഎം പ്രവർത്തകനായിരുന്നു. പിന്നീട് കൊളശ്ശേരിയിൽ അടിപിടി കേസിലും കോഴിക്കോട്ട് സ്വർണം തട്ടിപ്പറിച്ച കേസിലും പ്രതിയായി. 2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിലാണ് നസീറിനെ അക്രമിച്ചത്.

സംഭവത്തിൽ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 12 പേരാണ് പ്രതികൾ. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നസീറിനെ കായ്യത്ത് റോഡിൽ അടിച്ചു വീഴ്ത്തി ദേഹത്ത് ബൈക്ക് കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. മുൻസിപിഎം നേതാവായിരുന്ന നസീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഈ കേസിൽ അന്നത്തെ തലശേരി മണ്ഡലം എം.എൽ.എ യും ഇന്നത്തെ സ്പീക്കറുമായ എ.എൻ ഷംസീറിനെതിനെ നസീർ പരാതി നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല.