
കണ്ണൂർ: കൊവിഡ് മരണം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ വലിയ സന്തോഷവും അഭിമാനവും തോന്നുവെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ എം.എൽ.എ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.പ്രതിപക്ഷം പറയുന്നത് അതേപടി ഏറ്റുപറയാതെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ അന്ന് മാധ്യമങ്ങൾ ശ്രമിക്കേണ്ടതായിരുന്നുവെന്നും ശൈലജ പറഞ്ഞു.
ഏറ്റവുമധികം മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അന്നത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സാധിച്ചുവെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. ആത്മാർഥമായും സത്യസന്ധമായുമുള്ള പ്രവർത്തനം എങ്ങനെ മൂടിവെച്ചാലും, അത് വെളിയിൽ വരുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 2020 കൊവിഡ് വർഷമായാണ് കണക്കാക്കുന്നത്. 2020 ജനുവരി 30നാണ് കേരളത്തിൽ കൊവിഡ് വന്നത്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
കൊവിഡ് ഇവിടെ വരുന്നതിന് മുമ്പ് കേരളം നടത്തിയ മുന്നൊരുക്കവും അതിന് ശേഷം എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളുമുണ്ട്. അന്ന് അതിനെപലരും പരിഹസിച്ചിരുന്നു, മിറ്റിഗേഷൻ മെത്തേഡ് പോരെ, എന്തിനാ കണ്ടെയ്ൻമെന്റ് മെത്തേഡ് സ്വീകരിക്കുന്നത്? പക്ഷെ പിന്നീട് ലോകരാഷ്ട്രങ്ങൾ തന്നെ അംഗീകരിച്ചു, കണ്ടെയ്ൻമെന്റ് മെത്തേഡാണ് ഫലപ്രദമെന്ന്. സമൂഹത്തിന്റെ വിവിധ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് പഴുതടച്ചുള്ള പ്രവർത്തനങ്ങളാണ് കൊവിഡ് കാലത്ത് നമ്മൾ ചെയ്തത്. അതിൽ പ്രായംചെന്നവർക്ക് പ്രത്യേക പരിഗണന നൽകി റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പടെ സംഘടിപ്പിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇതോടുകൂടിയാണ് മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ മരണ നിരക്ക് കുറയ്ക്കാൻ ഇടയാക്കിയതെന്നും കെ.കെ. ശൈലജ പറഞ്ഞു.