തളിപ്പറമ്പ് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തളിപ്പറമ്പിൽ തുടക്കമായി.കലോത്സവത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമ താരം അഖില ഭാർഗവൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് അരങ്ങ് സർഗോത്സവം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നത്.49 വ്യത്യസ്ത ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 81 കുടുംബശ്രീ സിഡിഎസുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടവർ മാറ്റുരയ്ക്കും. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ കേണൽ സോഫിയ ഖുറൈഷിയുടെ പേര് നൽകിയ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി സർഗോത്സവം ഉദ്ഘാടനം ചെയ്തു. 'സ്ത്രീ' എന്ന രാഷ്ട്രീയം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കുടുംബശ്രീ എന്ന പ്രസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ സംഘടനയാണ്. സ്ത്രീ - പുരുഷ സമത്വത്തിനു വേണ്ടി ധൈര്യപൂർവ്വം സംസാരിക്കാനും തൊഴിൽ സംരഭങ്ങളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും കുടുംബശ്രീക്ക് സാധിച്ചു. രാജ്യ സുരക്ഷാ വിഷയങ്ങൾ പോലും സ്ത്രീകളെ ധൈര്യപൂർവ്വം ഏൽപ്പിക്കുന്ന അഭിമാനകരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കുടുംബശ്രീയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ രത്നകുമാരി പറഞ്ഞു.
കുടുംബശ്രീ മുദ്രാഗീതം നൃത്ത ശില്പം അവതരണത്തോടെയാണ് അരങ്ങുണർന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ,പി റിജുല, പി പി മുഹമ്മദ് നിസാർ, കെ നസീബ, കെ പി ഖദീജ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈർ, മെമ്പർ സെക്രട്ടറി പി പ്രദീപ് കുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ പി ഒ ദീപ, കെ രാഹുൽ, കെ വിജിത് തുടങ്ങിയവർ സംബന്ധിച്ചു.