ധർമ്മശാല : ഓവുചാലിൻ്റെ പ്രവൃത്തി പാതിവഴിയിലായതു കാരണം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. ആന്തൂർ നഗരസഭയിലെ പത്തൊൻപതാം വാർഡിലെ ഒൻപത് വീട്ടുകാരാണ് ഇതു കാരണം ഒരു മാസത്തിലധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത്. വയോജനങ്ങളും അസുഖ ബാധിതരും ഉള്ള വീട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത്.
വീതിയുള്ള ഓവുചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇട്ട് മൂടാത്തതു കാരണം വീട്ടിലേക്കുളള പ്രവേശം പോലും അസാധ്യമായി. ഇരുചക്ര വാഹനവും നാലുചക്ര വാഹനവും സ്വന്തമായുള്ള ഇവിടത്തെ ചില വീട്ടുകാർ പാർക്കിങ്ങിനായി മറ്റ് വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഓവുചാലിന് സമാന്തരമായ റോഡിൽ മണ്ണിട്ട് നികത്തുന്നതും പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. മഴക്കാലം വരാനിരിക്കെ പ്രവൃത്തി പാതി വഴിയിൽ ഉപേക്ഷിച്ചത് പരിസരവാസികളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നഗരസഭ അധികൃതരെയും ജനപ്രതിനിധികളെയും നേരിൽ കണ്ട് പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും പരിഹാരമായില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു.