കണ്ണൂർ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി അദ്ധ്യാപകരെ വേർതിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരേ യോഗ്യതയാണ് ഈ നിയമനങ്ങളിൽ പി.എസ്.സി നിർദ്ദേശിച്ചത്. ഒരേ പരീക്ഷയും ഇൻ്റർവ്യൂവും നടത്തിയാണ് സർക്കാർ നിയമനം നടത്തിയത്.
എയ്ഡഡ് സ്കൂളിലും ഇതേ യോഗ്യത തന്നെയാണ്. ജോലി സമയങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസം മാത്രമാണുള്ളത്. എന്നാൽ ശമ്പളത്തിലും പ്രമോഷനിലും മറ്റു ആനുകുല്യങ്ങളുടെ കാര്യത്തിൽ കടുത്ത വിവേചനമാണ് നേരിടുന്നത്. അർഹതപ്പെട്ട പ്രമോഷൻ ജൂനിയർ അദ്ധ്യാപകർക്ക് ലഭിക്കുന്നില്ല. ജൂനിയർ അധ്യാപകരായി സർവീസിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷം അദ്ധ്യാപകരും. 15 വർഷത്തോളം ഇങ്ങനെ ജോലി ചെയ്യുന്നവരുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
അഞ്ച് വർഷം അല്ലെങ്കിൽ ഫസ്റ്റ് ഗ്രേഡ് വാങ്ങിയ ജൂനിയർ അധ്യാപകനെ ഹൈസ്കൂളിലുള്ളതുപോലെ സീനിയറാക്കുക, ജൂനിയറിൽ നിന്നും സീനിയറിലേക്കുള്ള സ്ഥാനകയറ്റം റെഗുലർ പ്രമോഷനാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മെയ് 21 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിൽ വിവേചനവിരുദ്ധജാഥ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ദീപേഷ് , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. രാജേഷ്, സാബു ജോസഫ്, എം. സീനത്ത് എന്നിവർ പങ്കെടുത്തു.