കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിന് ക്രൂര മർദ്ദനം

11:46 PM May 17, 2025 | Desk Kerala

കണ്ണൂർ/ പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിന് ക്രൂര മർദ്ദനം. സംഭവത്തില്‍ രണ്ടുപേര്‍ക്കെതെിരെ പരിയാരം പോലീസ് കേസെടുത്തു, ഒരാള്‍ അറസ്റ്റില്‍.

പിലാത്തറ സി.എം.നഗറിലെ കണ്‍മണി ഹൗസില്‍ നവാസിന്റെ മകന്‍ എന്‍.നൗഫലിനാണ്(28)മര്‍ദ്ദനമേറ്റത്. കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശിയാണ് നൗഫല്‍. അഞ്ച് വര്‍ഷത്തിലേറെയായി പിലാത്തറയില്‍ താമസിച്ചുവരികയാണ്. ഇന്നലെ രാത്രി 8.45 ന് സി.എം.നഗറില്‍ വെച്ചാണ് സംഭവം.

ബി.ജെ.പി മുന്‍ മാടായി മണ്ഡലം പ്രസിഡന്റ് റിനോയി ഫെലിക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ദാവീദ് ഒളിവിലാണ്. നൗഫലിനെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് കാല്‍മുട്ട് അടിച്ചുതകര്‍ക്കുകയും താഴെവീണ നൗഫലിന്റെ മുഖത്ത് പാറക്കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തതായാണ് പരാതി.

പത്തോളം തുന്നലുകളിട്ട് ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് നൗഫല്‍. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് പരിയാരം പോലീസ് കേസെടുത്തിരിക്കുന്നത്.