തളിപ്പറമ്പിലെ ആളില്ലാ സത്യഗ്രഹ സമരം: ഡി.സി.സി അന്വേഷണമാരംഭിച്ചു

09:16 AM May 19, 2025 | AVANI MV


കണ്ണൂർ: തളിപറമ്പ് ടൗണിൽപ്രതിഷേധ സത്യാഗ്രഹം ആളില്ലാതെ കസേരകൾ മാത്രം നിരത്തിയിട്ടു നടത്തിയ സംഭവത്തിൽ ഡി.സി.സി അന്വേഷണമാരംഭിച്ചു. തളിപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് അന്വേഷണം. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ആളില്ലാത്ത സത്യഗ്രഹത്തിന്റെ സമാപനചടങ്ങിൽ പങ്കെടുക്കാതെ ഉദ്ഘാടകൻ ടി.സിദ്ദിഖ് എംഎൽഎയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മാറിനിന്നിരുന്നു.തളിപ്പറമ്പ് ടൗൺസ്‌ക്വയറിൽ സി.പി.എം ‘അക്രമത്തിനും ഗാന്ധിനിന്ദക്കുമെതിരെ എന്ന പേരിലാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാന പ്രകാരം ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ സത്യാഗ്രഹം സംഘടിപ്പിച്ചത്.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനസമയത്തുപോലും നേതാക്കളല്ലാതെ പ്രവർത്തകരാരും എത്തിയില്ല.

ശുഷ്‌കമായ സദസിനെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ നാണക്കേടുമായാണ് ഡി.സി.സി പ്രസിഡന്റിന് സ്ഥലം വിടേണ്ടി വന്നത്.യൂത്ത് കോൺഗ്രസ് നേതാവ് വി.പി.അബ്ദുൾ റഷിദാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
പ്രവർത്തകരെക്കാൾ കൂടുതൽ കസേരകളായിരുന്നു സത്യാഗ്രഹത്തിൽ പങ്കെടുത്തത്.
ഇത്തരം സമരത്തിന് ആഹ്വാനം ചെയ്തവർക്കുതന്നെയാണ് ഇതിന്റെ ഉത്തരവാദിത്തമെന്നാണ് ഡി.സി.സി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.