കണ്ണൂർ : മലപ്പട്ടം സംഘർഷത്തിൻ്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി.
മലപ്പട്ടത്ത് നടത്തിയ പ്രതിഷേധ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പുഷ്പചക്രം വയ്ക്കുമെന്ന് പ്രസംഗിച്ച സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്, യൂത്ത് കോൺഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥ്, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് കണ്ണൂർ ജില്ലാ പൊലിസ് കമ്മിഷണർക്ക് തിങ്കളാഴ്ച്ച രാവിലെ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയത്.
മന:പ്പൂർവ്വം സംഘർഷമുണ്ടാക്കാനും മലപ്പട്ടത്ത് യുത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കാനും സി.പിഎം - ഡി.വൈ.എഫ്.ഐ ആഹ്വാനം നൽകിയെന്നും ഇവർക്കെതിരെ അക്രമ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയിൽ സിറ്റി പൊലിസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.