കണ്ണൂരിലെ കനത്ത മഴ ; കല്യാശ്ശേരി ഫുട്ബോൾ ടൂർണമെന്റ് തിയ്യതി മാറ്റി

09:26 PM May 21, 2025 | Neha Nair

പഴയങ്ങാടി : കണ്ണൂർ ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കല്യാശ്ശേരി സോക്കർ ലീഗ് എം എൽ എ കപ്പ് സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മെയ്  27,28,29,30 തീയതികളിലേക്ക് മാറ്റിയതായി സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 മെയ് 22 മുതൽ 25 വരെ പഴയങ്ങാടി റയിൽവേ ഗ്രൗണ്ടിൽ നടത്താനിരുന്ന മത്സരമാണ് മാറ്റിയത്. ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ജനകീയ കൂട്ടായ്മയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം നിർവ്വഹിക്കും.

27 ന് ഏഴു മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ എം വൈ ടി കടന്നപ്പള്ളി ബ്ലാക്ക് കോബ്ര പഴയങ്ങാടിയെ നേരിടും. എട്ട് മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ മലബാർ സോക്കർ ശ്രീകണ്ഠാ - കല്യാശ്ശേരിയെ എഫ്സി മുട്ടിൽ നേരിടും. 28 ന്  എക്സിറ്റ് 30 കഫെ സംഗ് യൂത്ത് മാട്ടൂൽ യൂണിക് സ്പോർട്സ് സെന്റർ എരിപുരവുമായി ഏറ്റുമുട്ടും. എട്ട് മണിക്ക് ടൗൺ ടീം പഴയങ്ങാടിയും  അമൽ ഹോളിഡേഴ്സ് കുഞ്ഞിമംഗലവും മത്സരിക്കും.

29 ന് ഏഴു മണിക്ക് ആദ്യ സെമിയും എട്ട് മണിക്ക് രണ്ടാം സെമി ഫൈനൽ മത്സരവും നടക്കും. 30 നാണ് ഫൈനൽ മത്സരം. വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് സമ്മാനദാനം നിർവ്വഹിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി  കൺവീനർ കെ രഞ്ചിത്ത് മാസ്റ്റർ, സംഘാടക സമിതി അംഗങ്ങളായ എസ് യു  റഫീഖ്, പി വി വേണുഗോപാൽ  എസ് വി മുഹമ്മദലി പള്ളിക്കര എന്നിവർ പങ്കെടുത്തു.