കണ്ണൂരിൽ വിജ്ഞാന കേരളം മെഗാ തൊഴിൽമേള : തൊഴിൽ ദാതാക്കളുമായി മുൻ മന്ത്രി തോമസ് ഐസക്ക് കൂടിക്കാഴ്ച്ച നടത്തി

09:22 PM May 21, 2025 | Neha Nair

തളിപ്പറമ്പ്:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 21ന് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ്ഫെയറിനോടനുബന്ധിച്ച് വിജ്ഞാനകേരളം സംസ്ഥാന  അഡ്വൈസർ ഡോ ടി എം തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ തൊഴിൽ ദാതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ എന്നീ തൊഴിൽ ദാതാക്കൾ 10000 പ്രാദേശിക ജോലികൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തു. ജൂൺ രണ്ടിന് നടക്കുന്ന ജില്ലാതല സംരംഭക മീറ്റിങ്ങിൽ ഇവർ തൊഴിൽ സാധ്യതകൾ അറിയിക്കും.

തൊഴിൽ രഹിതർക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകൾ ആവശ്യമായ പരിശീലനം നൽകി ഉറപ്പാക്കുകയാണ് വിജ്ഞാനകേരളം വഴി ലക്ഷ്യമിടുന്നത്. എല്ലാ ആഴ്ചകളിലും ഓരോ വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്കും തലശ്ശേരി എഞ്ചിനീയറിങ് കോളേജിൽ വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കും.

ജൂൺ 24 ന് ബിരുദധാരികൾക്കുള്ള തൊഴിൽമേളയും നടക്കും. ഇതിൽ 1000 തൊഴിലവസരങ്ങളാണ് ഉണ്ടാവുക. ഇത് എല്ലാ ശനിയാഴ്ചകളിലും തുടരും. ജില്ലാതല മെഗാ ജോബ് ഫെയർ, എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന വെർച്വൽ ജോബ് ഫെയർ, പ്രാദേശിക ജോബ് ഫെയർ എന്നിവ വഴി 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്.

യോഗത്തിൽ കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം സുർജിത്ത്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ, എൻ എം സി സി സെക്രട്ടറി പി അനിൽകുമാർ, മുൻ പ്രസിഡന്റ് വിനോദ് നാരായണൻ, ഡയറക്ടറേറ്റ് അംഗങ്ങളായ കെ അനീഷ്, വി കെ ദിവാകരൻ, അജിത്ത് നമ്പ്യാർ, കെ കെ പ്രദീപ്, ബിജിത്ത് രാംദാസ് എന്നിവർ പങ്കെടുത്തു.