+

അയ്യയ്യേ... നാണക്കേട്..തളിപ്പറമ്പ് നഗരസഭയിൽ സ്ക്രാപ്പ് ലേലത്തിൽ അഴിമതിയാരോപണം

സ്ക്രാപ്പ് വിൽപ്പന നടത്തിയ തുകയിൽ ക്രമക്കേട് - തളിപ്പറമ്പ് നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ചർച്ചയിൽ ഭരണകക്ഷിക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി ആരോപണം

തളിപ്പറമ്പ്: സ്ക്രാപ്പ് വിൽപ്പന നടത്തിയ തുകയിൽ ക്രമക്കേട് - തളിപ്പറമ്പ് നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ചർച്ചയിൽ ഭരണകക്ഷിക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി ആരോപണം.  ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് സി.പി.എം കൗൺസിലറായ സി.വി ഗിരീശൻ അഴിമതി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ചയ്ക്ക് വന്നെങ്കിലും ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടത് പ്രകാരം പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർത്ത് ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുകയായിരുന്നു.

പഴയ പേപ്പർ, പി.വി.സി പൈപ്പ്, അലൂമിനിയം ചാനൽ, തയ്യൽ മെഷീൻ, സ്റ്റീൽ കസേര, വാൾ ഫാൻ, സീലിങ് ഫാൻ, അലൂമിനിയം ബക്കറ്റ്, പ്ലാസ്റ്റിക് കസേര തുടങ്ങിയവയാണ് സ്ക്രാപ് ഇനത്തിൽ ഉൾപ്പെടുത്തി ലേലം ചെയ്തത്. എന്നാൽ സ്ക്രാപ്പ് ലേലത്തിൽ എടുത്തയാൾ പറയുന്നത് ലഭിച്ചതിൽ 50 കിലോഗ്രാം ചെമ്പ് ആണെന്ന്. എന്നാൽ ഇത് ലിസ്റ്റിൽ ഇല്ലെന്നാണ് സി.വി ഗിരീശൻ കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചത്.

Allegations of corruption in scrap auction in Taliparamba municipality

ഈ ഇനത്തിൽ 5 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നും ഇത് ഭരണസമിതിയുടെ ഒത്താശയോടെയാണെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നുംസി.വി ഗിരീശൻ ആവശ്യപ്പെട്ടു. ഭരണസമിതിയുടെ ഒത്താശയോടെയാണ് അഴിമതി നടന്നതെന്ന പരാമർശം ഭരണപക്ഷ കൗൺസിലർമാർ ശക്തമായി എതിർത്തു.

സ്ക്രാപ് ലേലം നടത്തിയ സമയത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്നും തൃപ്തികരമല്ലെങ്കിൽ വിജിലൻസ് അന്വേഷണം നടത്താമെന്നും തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും ചെയർപേഴ്സൺ മറുപടി നൽകി. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കല്ലിങ്കിൽ പത്മനാഭൻ, പി.സി നസീർ, പി.പി മുഹമ്മദ് നിസാർ, ഒ. സുഭാഗ്യം, വി. വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

facebook twitter