തളിപ്പറമ്പ് : ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്ന കുപ്പം കപ്പണത്തട്ടിൽ ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു. എബിസി ഹൗസിന് സമീപത്ത് പകൽ ഒന്നരയോടെ യുണ്ടായ കനത്തമഴയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മണ്ണിടിഞ്ഞ് റോഡിലൂടെ ചളിവെള്ളമൊഴുകി നിരവധി വീടുകൾക്ക് നാശമുണ്ടായിരുന്നു.
കൂറ്റൻകല്ലുകൾ ഉൾപ്പെടെയാണ് റോഡിലേക്ക് പതിച്ചത്. കഴിഞ്ഞദിവസം ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. അടുത്തദിവസം മണ്ണിടിച്ചൽ തടയാനുള്ള പ്രവൃത്തി നടത്താനിരിക്കെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചൽ തുടരുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റവന്യു, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.