തലശേരി മണ്ഡലത്തിന്റെ ആരോഗ്യ , വിദ്യാഭ്യാസ വികസനത്തിന് നബാർഡ് ധനസഹായം ഉറപ്പാക്കും

08:55 AM Jun 20, 2025 | AVANI MV

തലശേരി : തലശേരി മണ്ഡലത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിന്  നബാർഡ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കും.നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെ അദ്ദേഹത്തിന്റെ ചേംബറിൽ സന്ദർശിച്ച നബാർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.   മലബാർ കാൻസർ സെന്ററിൽ സ്റ്റുഡന്റ്സ് ഹോസ്റ്റലുകൾ,  നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, റേഡിയോ തെറാപ്പി ബ്ലോക്കിന്റെ നവീകരണ പ്രവൃത്തികൾ അടക്കം നടപ്പാക്കുന്നതിന്  121 കോടി രൂപയുടെ പ്രോപ്പോസൽ നബാർഡിന് സമർപ്പിച്ചു. 

Trending :

രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങളും അനുബന്ധ വികസന പ്രവർത്തനങ്ങളും പൂർത്തിയാകുന്നതോടെ  എഷ്യയിലെ തന്നെ ഏറ്റവും വലിയ ഓങ്കോളജി റിസർച്ച് സെന്ററായി മലബാർ കാൻസർ സെന്റർ വികസിക്കുമെന്നും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കാൻസർ രോഗികൾക്ക് വലിയ ആശ്രയമായി മാറുമെന്നും സ്പീക്കർ പറഞ്ഞു.   

തലശ്ശേരി ജനറൽ ആശുപത്രി നഗരമധ്യത്തിൽ നിന്നും  കണ്ടിക്കലിൽ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റുന്നതും  പുതിയ അത്യാധുനിക ബ്ലോക്ക് പണിയുന്നതുമായും ബന്ധപ്പെട്ട് 75 കോടി രൂപയുടെ പ്രോപ്പോസൽ ധനകാര്യ വകുപ്പ് മുഖേന സമർപ്പിക്കും.  

സംസ്ഥാനത്തെ പ്രധാന ജനറൽ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറൽ ആശുപത്രി പുതിയ സ്ഥലത്ത് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മലബാർ കാൻസർ സെന്റർ, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന മേഖല തലശ്ശേരിയുടെ മെഡിക്കൽ ഹബ്ബായി മാറും. 

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ  സ്റ്റാർട്ട്അപ്പ്  ഇൻക്യൂബേഷൻ സെന്റർ, ഐ.ടി. പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവ  ഉൾപ്പെടെ  സമഗ്രവികസനം ലക്ഷ്യമാക്കി ടെക്നിക്കൽ ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള  പ്രോപ്പോസൽ സഹകരണ വകുപ്പിന്റെ അനുമതിയോടെ സമർപ്പിക്കും.  

നബാർഡ് ചെയർമാൻ ഷാജി കെ.വി, ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ സിസിൽ തിമോത്തി, അസിസ്റ്റന്റ് ജനറൽ മാനേജർ റോണി രാജു സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, അർജ്ജുൻ എസ്. കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.