എടക്കാട് : പുതിയ അധ്യയന വർഷാരംഭത്തിൽ കുട്ടികളിലെ രചനാവൈഭവം നേരിട്ട് മനസ്സിലാക്കിയ കിഴുന്ന സൗത്ത് യുപി സ്കൂൾ ഉറുദു അധ്യാപകനായ സി വി കെ റാഷിദിന്റെ മനസ്സിൽ തെളിഞ്ഞ ആശയമാണ് അച്ചടിച്ച ഉറുദുഭാഷയുള്ള ഒരു മാസിക തയ്യാറാക്കുക എന്നത്. തുടർന്ന് വായന മാസാചരണ പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്യണമെന്ന ഉദ്ദേശത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, കുട്ടികളുടെ ഭാഷാ സൃഷ്ടികൾ, വിവിധ മത്സര പരീക്ഷകളുടെ മാതൃക ചോദ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി നശേമൻ എന്ന പേരിൽ മാസിക തയ്യാറാക്കി.ജൂൺ മാസം മുതൽ മാർച്ച് വരെയായി പത്ത് ലക്കങ്ങളായാണ് പുറത്തിറങ്ങുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ വായനയും എഴുത്തും പരിപോഷിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യം.
മാസികയ്ക്ക് ഉർദു പേര് നിർദ്ദേശിക്കുന്നതിന് സോഷ്യൽ മീഡിയ വഴി പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. വ്യത്യസ്ത ജില്ലകളിൽ നിന്നായി 116 പേരുകൾ നിർദ്ദേശിക്കപ്പെടുകയുണ്ടായി. നശേമൻ എന്ന പേര് നിർദ്ദേശിച്ച വെള്ളോറ എ.യു.പി സ്കൂളിലെ ദീപ്തി, മുസ്തഫ മണ്ണാർക്കാട്, ഇരിണാവ് യു.പി സ്കൂളിലെ ജാഫർ.വി.കെ, കണ്ണാടിപ്പറമ്പ സ്വദേശി അഹ്മദ് റാസി എന്നിവർക്ക് സമ്മാനർഹരായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മാസിക പ്രകാശനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് വി.പുഷ്പജ അദ്ധ്യക്ഷയായി. എടക്കാട് സോണൽ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി, ഗ്രന്ഥകാരനും സമന്വയ വായനശാല പ്രസിഡന്റുമായ രവീന്ദ്രൻ കിഴുന്ന, സി.വി.കെ.റാഷിദ്, കെ.സുദിന, അനഘ അനിൽ കുമാർ, വിപിന വേണു, ശിഖ.ടി.വി എന്നിവർ സംസാരിച്ചു.