+

പേവിഷബാധ പ്രതിരോധം: കണ്ണൂരിലെസ്‌കൂൾ അസംബ്ലികളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി

പേവിഷ ബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.

കണ്ണൂർ :പേവിഷ ബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. റാബിസ് സ്‌പെഷ്യൽ സ്‌കൂൾ അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കുട്ടികൾക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകൾ മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിൽ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന ബോധവത്കരണ ഹോർഡിങ്സും മന്ത്രി പ്രകാശനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. 

സ്‌കൂളുകളിൽ പേവിഷബാധയ്ക്ക് എതിരെ അവബോധം നൽകുന്നതിനാണ് അസംബ്ലി സമയത്തും പ്രത്യേക അസംബ്ലി വിളിച്ചുച്ചേർത്തും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിൽ ക്ലാസുകൾ സംഘടിപ്പിച്ചത്.മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകി. പേവിഷ ബാധ പ്രതിരോധം സംബന്ധിച്ച ക്ലാസിന് ഡെപ്യൂട്ടി ഡി എം ഡോ. കെ.സി സച്ചിൻ നേതൃത്വം നൽകി. പേ വിഷ പ്രതിരോധത്തിനായി കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പേ വിഷ പ്രതിരോധ ബോധ വൽക്കരണ പോസ്റ്ററുകൾ സ്ഥാപിക്കും. പേ വിഷ പ്രതിരോധ ക്യാമ്പായിനീന്റെ ഭാഗമായി വീഡിയോ പുറത്തിറക്കും. ജൂലൈ മാസത്തിൽ എല്ലാ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, സ്‌കൂൾ ഹെഡ് മിസ്‌ട്രെസ് കെ.ജ്യോതി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ജിനേഷ് കുമാർ, ഹയർ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി റീജ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ, ഷബീർ വി എ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടന്റ് ബിൻസി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

facebook twitter