തളിപ്പറമ്പ് :പൊന്നുരുക്കിപ്പാറ-കാരകുണ്ട്-മഠംതട്ട് റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. എം. വിജിന്‍ എം.എല്‍.എ അധ്യക്ഷനായി.പൊന്നുരുക്കിപ്പാറയില്‍ നിന്ന് ആരംഭിച്ച് മഠംതട്ടില്‍ അവസാനിക്കുന്ന 12.118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ആധുനിക നിലവാരത്തില്‍ മെക്കാഡം ടാറിംഗ് രീതിയിലാണ് നവീകരിച്ചത്. സി.ആര്‍.എഫ് പദ്ധതി വഴി 19.90 കോടി രൂപയാണ് നവീകരണ ചെലവ്.
മുന്‍പുണ്ടായിരുന്ന 6-8 മീറ്റര്‍ വീതി റോഡില്‍ ടാറിങ് ഭാഗം 3.80 മീറ്ററായിരുന്നു. ജനങ്ങളില്‍ നിന്നുള്ള സൗജന്യ ഭൂമി കൈമാറല്‍ വഴി റോഡിന്റെ വീതി 10 മീറ്ററായി വര്‍ദ്ധിപ്പിക്കുകയും 5.50 മീറ്റര്‍ വീതിയുള്ള മെക്കാഡം ടാറിങ് നടപ്പിലാക്കുകയും ചെയ്തു. റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമായ ഭാഗങ്ങളില്‍ കയറ്റം കുറക്കല്‍ പ്രവൃത്തി, പഴയ കള്‍വര്‍ട്ടുകളുടെ എക്സ്റ്റന്‍ഷന്‍, പുതിയ കള്‍വര്‍ട്ടുകള്‍ നിര്‍മിക്കല്‍, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോണ്‍ക്രീറ്റ് ഡ്രെയിനേജ്, പാര്‍ശ്വഭിത്തി നിര്‍മിക്കല്‍ തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തികരിച്ചിട്ടുണ്ട്.
റോഡ് കടന്നുപോകുന്ന ടൗണ്‍ ഭാഗങ്ങളില്‍ റോഡിന്റെ അരികുകള്‍ തകരുന്നത് ഒഴിവാക്കുന്നതിനും ഇരുവശത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഭംഗിയായി നിലനിര്‍ത്തുന്നതിനും കോണ്‍ക്രീറ്റ് ഷോള്‍ഡറിങ് പ്രവൃത്തിയും ചെയ്തിട്ടുണ്ട്. അതോടൊപ്പം നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തെര്‍മോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകള്‍, രാത്രിയില്‍ തെളിഞ്ഞുകാണുന്ന തരത്തിലുള്ള റോഡ് സ്റ്റഡുകള്‍, റിഫ്‌ളക്റ്റിവ് ടൈലുകള്‍, ദിശ ബോര്‍ഡുകള്‍, എന്നിവയും റോഡ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സി രാജേഷ്ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍, പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ബാബുരാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത്, വാര്‍ഡ് മെമ്പര്‍ പി പ്രദീപ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പത്മനാഭന്‍, ഇ.പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഇ.ടി രാജീവന്‍, ടി. രാജന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.ടി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.