ബഹിരാകാശ സഞ്ചാരി ശുഭാംശവുമായി കണ്ണൂർ സ്വദേശി ശ്രീദർശ് സംവദിച്ചു

10:20 AM Jul 04, 2025 | AVANI MV

അഞ്ചരക്കണ്ടി : ചരിത്രത്തിലാദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംവാദത്തിൽ ഏർപ്പെട്ട ആഹ്ളാദത്തിലാണ് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എസ് ശ്രീദർശ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വലിയ സ്ക്രീനിൽ ശുഭാംശു ശുക്ലയുടെ മുഖം തെളിഞ്ഞപ്പോൾ കുട്ടികളുടെ സന്തോഷവും കൗതുകവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ശ്രീദർശ് പറയുന്നു. 

സംസ്ഥാനത്തെ പ്രതിഭകളായ  കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  140 പേർക്ക് ഇന്നലെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു പരിപാടി. റോക്കറ്റ് ലോഞ്ചിംഗിനെക്കുറിച്ച് ക്ലാസ്, റോക്കറ്റിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, സ്പേസ് മ്യൂസിയം സന്ദർശനം, ശുഭാംശു ശുക്ലയുമായി സംവാദം എന്നിവയായിരുന്നു പരിപാടി. ഇന്ത്യ ഇതുവരെ പരീക്ഷിച്ച നിരവധി റോക്കറ്റുകളെ പറ്റിയും ഭാവിയിൽ പരീക്ഷണ വിധേയമാക്കുന്നതിനെപ്പറ്റിയും കുട്ടികൾക്ക് നേരിട്ട് അറിയാൻ കഴിഞ്ഞു. 

ഉച്ചക്ക് ശേഷം നടന്ന സംവാദത്തിൽ കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് ശുഭാംശു ശുക്ല  മറുപടി പറഞ്ഞു. മൂന്നു തവണ ഇൻസ്പെയർ അവാർഡ് നേടിയ ശ്രീദർശ്, ജപ്പാനിൽ നടന്ന സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യയിലെ 47 കുട്ടികളുടെ സംഘത്തോടൊപ്പം കഴിഞ്ഞ നവംബറിൽ പങ്കെടുത്തിട്ടുണ്ട്. സ്കൂൾ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പലേരി വെസ്റ്റ്  എൽപി സ്കൂളിലെ അധ്യാപകൻ കെ പി ഷജിനിന്റെയും മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ അധ്യാപിക എ സുനിതയുടെയും മകനാണ് ഈ മിടുക്കൻ.