ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധിച്ചേക്കും : തളിപ്പറമ്പിൽ പൊലിസ് സുരക്ഷ ശക്തമാക്കി

12:18 PM Jul 04, 2025 | AVANI MV

തളിപ്പറമ്പ്: നാളെ തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥി -യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത.ഇതുകണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍  തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഇടതുവിദ്യാർത്ഥിസംഘടനകള്‍ പ്രതിഷേധത്തിലാണ്.അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴവില്ലാത്ത സുരക്ഷാനടപടികള്‍ ഒരുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.നാളെ വൈകുന്നേരം അഞ്ചിനാണ് ഗവര്‍ണ്ണര്‍ ഭാരതത്തിലെ ഏറ്റവും വലിയ ശിവ ശിൽപ്പം അനാച്ഛാദനം ചെയ്യുന്നതിനായി തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെത്തുന്നത്.