കണ്ണൂർ :പുസ്തകങ്ങൾ തന്ന അറിവുകൾ വെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കുന്നതുമെന്ന് ചലച്ചിത്രതാരം ഇന്ദ്രൻസ് പറഞ്ഞു.ഒരുപാട് പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്ടിച്ച് അഭിനയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൻ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ ഏർപ്പെടുത്തിയ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കറിയാവുന്നതിൽ സിനിമാലോകത്തിൽ ഏറ്റവും കൂടുതൽ വായന ശീലമുള്ള വ്യക്തിയാണ് ഇന്ദ്രൻ സെന്ന്സാഹിത്യകാരൻ ടി പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് മിഷൻ ചെയർമാൻ ശിവദാസൻ എം പി അധ്യക്ഷനായി. മയ്യിൽ സഫ്ദർ ഹാഷമി ഗ്രന്ഥാലയവും, പെരളം എകെജി വായനശാലയുമാണ് മികച്ച വായനശാലകളായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി മാധവൻ സ്മാരക വായനശാലയുടെ സെക്രട്ടറി അഡ്വ. വി പ്രദീപൻ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാർഡ് കരസ്ഥമാക്കി. ചെറുതാഴം ഭഗത് സിംഗ് സാംസ്കാരിക വേദി ലൈബ്രേറിയൻ പി വിപിനയാണ് മികച്ച ലൈബ്രേറിയൻ.
ടി പത്മനാഭനും ഇന്ദ്രൻസും ചേർന്ന് ഇവർക്കുള്ള പുരസ്കാരദാനം നിർവഹിച്ചു. തുടർന്ന് ടിപത്മനാഭനെയും ഇന്ദ്രൻസിനെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലും ചേർന്ന് ആദരിച്ചു.
ഗ്രാമീണ മേഖലയിലെ എ പ്ലസ് ഡിജിറ്റൽ എ സി ലൈബ്രറിയും 40 ൽ അധികം അവാർഡുകളും എന്ന നേട്ടം കരസ്ഥമാക്കിയ ലൈബ്രറിയാണ് മയ്യിൽ സഫ്ദർ ഹാഷമി ഗ്രന്ഥാലയം. രക്ത ദാനം, യോഗ ക്യാമ്പ്, റീഡിങ് തിയേറ്റർ എന്നിങ്ങനെ നിരവധി പ്രവർത്തങ്ങൾ നടത്തുന്ന വായനശാലയാണ് കരിവെള്ളൂർ പെരളം എകെജി വായനശാല. അശോകൻ ചെരുവിൽ, കരിവെള്ളൂർ മുരളി, വി കെ മധു എന്നിവരടങ്ങുന്ന ജൂറിയാണ് 2024 ലെ പീപ്പിൾസ് അവാർഡ് നിർണ്ണയിച്ചത്.
പരിപാടിയുടെ ഭാഗമായി കാഞ്ഞിലേരി പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയത്തിന് എഡിഎം കലാ ഭാസ്ക്കറും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് കുമാറും ചേർന്ന് കമ്പ്യൂട്ടർ നൽകി വിവിധ ലൈബ്രറികൾക്ക് 10000 രൂപ വിലയുള്ള പുസ്തകങ്ങൾ കൈമാറി.
കെ എൻ ശങ്കരൻ വായനശാല പാലപ്പുഴ, യുവജന വായനശാല കൂത്തുപറമ്പ്, യുവശക്തി വായനശാല ആട്ടിലം വെളിയമ്പ്ര, സഫ്ദർ ഹാഷ്മി സ്മാരക മന്ദിരം നവോദയ കലാസമിതി പാച്ചേനി, ഗ്രാമദീപം വായനശാല കുറുമ്പുക്കൽ, കേളി കലാസാംസ്കാരിക വേദി കോയിലോട്, അക്ഷര ഗ്രന്ഥാലയം വായനശാല പെരുന്തോടീ, ഇഎംഎസ് സ്മാരക വായനശാല എകെജി നഗർ വായന്നൂർ, ഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പാറക്കുണ്ട്, ദേശോദ്ധാരണ ഗ്രാമീണ വായനശാല പടിഞ്ഞാറെമൊട്ട, സ്വദേശാഭിമാനി വായനശാല ആൻഡ് ഗ്രന്ഥലയം പനംങ്കാവ്, സമദർശനി വയശാല ഓണപറമ്പ്, ജനകിയ വായനശാല ആനക്കുനി, നവകേരള വായനശാല കൊട്രാടി, ഇ.എം.എസ് സ്മാരക വായനശാല തവിടിശ്ശേരി നോർത്ത്, ഇ.കെ.നായനാർ സ്മരക വായനശാല ആൻഡ് ഗ്രന്ഥാലയം എന്നീ വായനശാലകൾക്കാണ് പുസ്തക വിതരണം നടത്തിയത്.
തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം സുർജിത്, പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ, കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ അൻവർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡി പി കെ മായൻ, മയ്യിൽ സഫ്ദർ ഹാഷിമി വായനശാല സെക്രട്ടറി എംവി സുമേഷ്, പെരളം വായനശാല സെക്രട്ടറി എൻ വി ലിമേഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.