വേദനയിൽ ചാലിച്ച മഷി കൊണ്ട് അവരെഴുതി, കനലൊളി പങ്കജത്തിനിത് സ്വപ്ന സാക്ഷാത്കാരം

06:06 PM Jul 09, 2025 |


 പഴയങ്ങാടി: സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായി മാത്രം സ്വപ്നം കണ്ട മയ്യിൽ നണിയൂർ നമ്പ്രത്തെ എം കെ പങ്കജം ഇപ്പോൾ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി  വീൽചെയറിലും കിടക്കയിലും മാത്രം ജീവിതം തള്ളി നീക്കുന്ന പങ്കജത്തിന്റെ കനലൊളി എന്ന കവിതാ സമാഹാരം ജൂലൈ 12ന് രാവിലെ 10 മണിക്ക് മാടായി ബാങ്കിന്റെ പിസിസി ഹാളിൽ പ്രകാശനം ചെയ്യുകയാണ്. സൃഷ്ടിപഥം പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 28 വർഷം മുമ്പ് സന്ധിവാതം പിടിപെട്ട് കാലുകളും കൈകളും ചലിക്കാത്ത അവസ്ഥയിൽ പുറംലോകം കാണാത്ത അവസ്ഥയിലാണ്. 

ചെറുപ്പം മുതൽ ചിത്രം വരക്കാൻ താല്പര്യമുണ്ടായിരുന്ന അവർ മക്കൾ വാങ്ങിക്കൊടുക്കുന്ന പെൻസിലും ക്രയോൺസും ഉപയോഗിച്ച് താൻ കിടക്കുന്ന മുറിയുടെ ചുമരുകളിൽ ആരെയും ആകർഷിക്കുന്ന തരത്തിൽ പൂക്കളും പൂമ്പാറ്റകളും വന്യമൃഗങ്ങളും പക്ഷികളും പുഴകളും മലകളും മനോഹരമായി വരച്ചിട്ടു. ഈ മുറി ഇന്നൊരു ചിത്രശാലയാണ്. കവിതയോടും താല്പര്യം ഉണ്ടായിരുന്ന  പങ്കജം ചെറുമകൻ നവതേജിന്റെ സഹായത്താൽ വരികൾ നോട്ടുബുക്കിൽ കുറിച്ചിട്ടു. പുരോഗമന കലാസാഹിത്യ സംഘം നടത്തുന്ന ടി വി കരുണാകരൻ മാസ്റ്റർ പുരസ്കാരത്തിന് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ ഒരു  കവിത അയച്ചു.

 2019 ൽ  കൊറോണ സമയത്ത് തുടങ്ങിയ കണ്ണൂർ മലയാള ഭാഷാപോഷണവേദി വാട്സ്ആപ്പ്  ഗ്രൂപ്പിൽ ധാരാളം കവിതകൾ എഴുതി. അതോടെ കവിതയോടുള്ള താല്പര്യം വർദ്ധിച്ചു. പയ്യന്നൂരിലെ ചിറക് എന്ന മാസികയിൽ  ചിറകറ്റ കിളികൾ എന്ന കവിത അച്ചടി മഷി പുരണ്ടു  വന്നപ്പോൾ ഏറെ സന്തോഷമായി. അങ്ങനെ കുറിച്ചിട്ട 39 കവിതകൾ ഉൾപ്പെട്ട കനലൊളി കവിതാ സമാഹാരം, സൃഷ്ടിപഥം പബ്ലിക്കേഷൻസ് ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയാണിപ്പോൾ. രോഗശയ്യയിൽ നിന്ന് രൂപം കൊണ്ട വേദനയിൽ ചാലിച്ച കവിതകൾ വെളിച്ചം കാണുമ്പോൾ, തന്റെ ഒരു ജീവിതാഭിലാഷമാണ് പൂർണ്ണമാവുന്നതെന്ന് പങ്കജം പറയുന്നു. ഭർത്താവ് പരേതനായ സി വി രാഘവൻ. മക്കൾ ദിവ്യ,ധന്യ, നിതിൻ.