ഇരിട്ടി : ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കൽ നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിൽ തോട്ടിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ വെള്ളത്തിൽ രാസലായിനി കലർന്നെന്ന് കണ്ടെത്തി. പച്ചക്കറികളുടെ വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
കണ്ണൂർ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കൽ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി.
പഴം, പച്ചക്കറി എന്നിവയിലെ വിഷാശം ഒഴിവാക്കുന്നതിനായി ഉണ്ടാക്കുന്ന ലായിനിയിൽ ഉപയോഗിക്കുന്ന സോഡിയം ബൈ കാർബണേറ്റ്,, ഫാറ്റി ആൽക്കഹോൾ എഥോലെറ്റ് എന്നിവയടങ്ങിയ കെമിക്കൽ തോട്ടിലൂടെ ഒഴുക്കിയതാണ് പത വരുന്നതിന് കാരണമായിട്ടുള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.