+

കണ്ണൂർ ജില്ലയിലെ ജല ചൂഷണം തടയാൻ നവകേരളം കർമ്മപദ്ധതി നടപ്പിലാക്കും

കണ്ണൂർജില്ലയിലെ ജല സംരക്ഷണത്തിനും ചൂഷണം തടയുന്നതിനുമായി കർശന നടപടികളുമായി അധികൃതർ. ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനായി കിണർ

കണ്ണൂർ : കണ്ണൂർജില്ലയിലെ ജല സംരക്ഷണത്തിനും ചൂഷണം തടയുന്നതിനുമായി കർശന നടപടികളുമായി അധികൃതർ.
ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനായി കിണർ റീചാർജിങ് ഉൾപ്പെടെയുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നവകേരളം കർമ്മപദ്ധതി ജില്ലാ മിഷൻ യോഗത്തിൽ തീരുമാനം. 

ജില്ലയിലെ പാനൂർ, തലശ്ശേരി, കണ്ണൂർ, മട്ടന്നൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭകളിലും ജല ചൂഷണം വർധിക്കുന്നുവെന്നും ഈ പ്രദേശങ്ങളെ കേന്ദ്ര സർക്കാർ നിർണായക വിഭാഗമായി പ്രഖ്യാപിക്കാൻ ഇടയുണ്ടെന്ന നാഷണൽ കോംപാലിയേഷൻ ഓൺ ഡൈനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്സ്സ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വാർഷിക ഭൂഗർഭജല പുനരുജ്ജീവനത്തേക്കാൾ കൂടുതൽ ജലചൂഷണം നടക്കുന്ന പ്രദേശങ്ങളെയാണ് നിർണ്ണായക വിഭാഗമായി തരംതിരിക്കുന്നത്. ജലഉപഭോഗം 90 മുതൽ 100 ശതമാനം വരെയാകുമ്പോഴാണ് ഇങ്ങനെ കണക്കാക്കുക. 

ജല ഉപഭോഗം 70 മുതൽ 90 ശതമാനം വരെയുള്ള സെമിക്രിട്ടിക്കൽ വിഭാഗത്തിൽ ജില്ലയിൽ നിലവിൽ മൂന്ന് ബ്ലോക്കുകൾ ഉണ്ട്. പാനൂർ, തലശ്ശേരി, കണ്ണൂർ ബ്ലോക്കുകളും പ്രസ്തുത പരിധിയിലെ നഗരസഭകളുമാണ് ഈ അവസ്ഥയിൽ ഉള്ളത്. ഈ മേഖലയിലെ അമിത ജല ചൂഷണം തടയാനും ഭൂഗർഭ ജലസംഭരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതികൾ തയ്യാറാക്കുക. കുഴൽ കിണറുകൾ പരിധിയിൽ അധികം കുഴിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ നിലവിലുള്ള നിയന്ത്രണം കർശനമാക്കാനും കൂടുതൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പദ്ധതികൾ തയ്യാറാക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജല സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കും. ജില്ലയിലെ 21 ഹയർ സെക്കണ്ടറി സ്‌ക്കൂളുകളിലുമുള്ള ജലഗുണ പരിശോധനാ ലാബുകളുടെ പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു.

ജില്ലയിലെ മഴുവൻ  തദ്ദേശ ഭരണ സ്ഥാപനങ്ങളും ജല ബജറ്റ് തയ്യാറാക്കിയ സാഹചര്യത്തിൽ ജില്ലാതല ജല ബജറ്റ് ഉടനെ തയ്യാറാക്കാനും നവകേരളം കർമ്മ പദ്ധതി യോഗം തീരുമാനിച്ചു. മാപ്പത്തോൺ മാപ്പിംഗ് പൂർത്തീകരിച്ച ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നീർച്ചാലുകൾ പുനരുദ്ധരിക്കാൻ പദ്ധതി ആവിഷ്‌കരിക്കാനും യോഗത്തിൽ ധാരണയായി. സമ്പൂർണ പച്ചത്തുരുത്ത് ജില്ല എന്ന ലക്ഷ്യം ആഗസ്റ്റ് അവസാനത്തോടെ കൈവരിക്കുമെന്ന് ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ യോഗത്തെ അറിയിച്ചു. മികച്ച പച്ചത്തുരുത്തുകൾ കണ്ടെത്തുന്നതിനായി ജില്ലാതല വിദഗ്ധ സമിതിയെ യോഗം ചുമതലപ്പെടുത്തി. ജില്ലയിലെ ടെയ്ക് എ ബ്രേയ്ക്കുകളുടെ പ്രവർത്തനങ്ങൾക്ക് പ്രോട്ടോക്കോൾ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് എന്നിവർ സംസാരിച്ചു.

Trending :
facebook twitter