നവീൻ ബാബുവിന്റെ ആത്മഹത്യ: മൊഴികളെല്ലാം ദിവ്യക്ക് അനുകൂലം: കെ കെ വിനോദ് കുമാർ

09:03 PM Jul 18, 2025 | AVANI MV

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യക്കുത്തരവാദിയെ രക്ഷിക്കുന്നതിനാണ് മിക്ക സാക്ഷികളുടെ മൊഴികളും അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങളുമെന്ന്  ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആരോപിച്ചു.ആത്മഹത്യക്ക് മുമ്പ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ഒരു സാക്ഷിയുടെ മൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്ന് പ്രശാന്തനും മൊഴി നൽകിയിട്ടുണ്ട്. കലക്ടറുടെ നടപടികളും നവീൻ ബാബുവിന് എതിരാണ്.

അന്വേഷണ ഉദ്യോഗസ്ഥർ ദിവ്യയെ രക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വ്യാജ ഒപ്പിട്ട് നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി അയച്ചതിനെക്കുറിച്ച് ഒരന്വേഷണവുമില്ല.  യാത്രയയപ്പിനുശേഷം ക്വാർട്ടേഴ്സിൽ പോയി താൻ എ ഡി എമ്മിനെ കണ്ടുവെന്നും കൈക്കൂലി കൊടുത്തെന്നുമുള്ള പ്രശാന്തന്റെ മൊഴി ആധികാരികമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ദിവ്യയുടെ ഭർത്താവിന്റെയും പ്രശാന്തന്റെയും ബിനാമി ഇടപാടിനെ കുറിച്ച് ഒരു അന്വേഷണവുമില്ല. നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയെ രക്ഷപ്പെടുത്താനാണ് ഭരണകൂടവും അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടുള്ളത്. കൊലയാളികൾ സുഖമായി രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. നവീൻ ബാബുവിന്റെ കുടുംബക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടത്തിനുള്ള നടപടിക്രമങ്ങളും കലക്ടറുടെയും സിറ്റി കമ്മീഷണറുടെയും  നേതൃത്വത്തിൽ സ്വീകരിച്ചത്.

സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് മരണമാണ് ആശ്രയം എന്ന നിലയിലാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്. സിബിഐയുടെയോ  സിറ്റിംഗ് ജഡ്ജിയെ വെച്ചുകൊണ്ടോ ഉള്ള അന്വേഷണം കൊണ്ട് മാത്രമേ സത്യം തെളിയിക്കപ്പെടൂ. മരണത്തിന് ഉത്തരവാദികൾ ജയിലറയിൽ പോകുന്ന സാഹചര്യം ഒരുക്കണമെന്നും കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.