കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ബിനാമിക്ക് കണ്ണൂരിലെ റെയിൽവേ ഭൂമി പാട്ടത്തിന് നൽകിയത് തികഞ്ഞ അഴിമതി : കെ. സുധാകരൻ.എം.പി

09:46 PM Jul 26, 2025 | Neha Nair

കണ്ണൂർ : നൂറ്റി ഇരുപത്താറ് കോടി രൂപ മതിപ്പു വിലയുള്ള ഏഴ് ഏക്കറോളം വരുന്ന കണ്ണൂർ റെയിൽവേ ഭൂമി  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്റെ അനുയായിക്ക് 24.63 കോടി രൂപയ്ക്ക് നാൽപത്തഞ്ച് വർഷത്തേക്ക്  പാട്ടത്തിന്  നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പി.

നിരവധി തവണ  കേന്ദ്ര റെയിൽ വകുപ്പ് മന്ത്രിയെ കണ്ടതിനുശേഷമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ അനുവദിച്ചത്.മറ്റു സ്റ്റേഷനുകളിൽ അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവൃർത്തികൾ പൂർത്തിയാകാറായി പക്ഷേ ഇപ്പോഴും കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വർക്ക് മന്ദഗതിയിലാണ്. ഇതൊന്നും കൂടാതെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന്  നൽകിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനെ സംബന്ധിച്ചിടത്തോളം 122 കോടി രൂപയുടെ വാർഷിക വരുമാനമുണ്ട് .72 ലക്ഷത്തിലധികം യാത്രക്കാർ ഒരു വർഷം വന്നു പോകുന്ന  റെയിൽവേ സ്റ്റേഷനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ. വികസനം ആവശ്യമുള്ള ഒരു റെയിൽവേ സ്റ്റേഷനാണ് കണ്ണുർ റെയിൽവേ സ്റ്റേഷൻ.ആ സമയത്താണ് സ്വകാര്യ കമ്പനിയായ ടെക്സ്റ്റ് വർക്ക് ഇന്റർനാഷണലിന് പാട്ടത്തിന് നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കേണ്ട റെയിൽവേ മന്ത്രാലയം തന്നെ പാലക്കാട് ഡിവിഷനിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ  സഹായത്തോടുകൂടി ഈ കൊടിയ  അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്.

122 കോടി രൂപയുടെ ഭൂമി വെറും  24.63 കോടി രൂപയ്ക്ക് പാട്ടത്തിന് നൽകാൻ കൂട്ടുനിന്ന പാലക്കാട് ഡിവിഷനിലെ  ചില ഉന്നത ഉദ്യോഗസ്ഥരാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ വരുമാന നഷ്ടത്തിന്റെ പേരിൽ അടച്ചുപൂട്ടാനും ഉത്തരവിട്ടത്. പാലക്കാട് ഡിവിഷനിലെ  ചില തലയ്ക്കു വെളിവില്ലാത്ത ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അടിയന്തരമായി നിർത്തണം. ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്ര വരുമാനം ഉണ്ടാക്കുക മാത്രമല്ല അതിനുപുറമെ സേവനവും കൂടിയുണ്ടെന്ന പൊതുതത്വം ഇവർ മനസ്സിലാക്കണമെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്റ്റേഷനോട്  റെയിൽവേ മന്ത്രാലയം നടത്തുന്ന അവഗനക്കെതിരെയും  സാധാരണക്കാർ ഉപയോഗിച്ച് വരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് നടപ്പാത പൊളിച്ചിട്ട് മാസങ്ങളായിട്ടും പരിഹാരം കാണാത്തതിനെതിരായും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.എം.കെ മോഹനൻ,സുരേഷ് ബാബു എളയാവൂർ,രാജീവൻ എളയാവൂർ,അഡ്വ.പി. ഇന്ദിര,പി.മുഹമ്മദ് ഷമ്മാസ്,സി.ടി ഗിരിജ,അഡ്വ.ലിഷ ദീപക്ക്,മഹേഷ് ചാല എം.പി. ജോർജ്,ഗിരിശൻ നാമത്ത്,ഷിബു ഫർണാണ്ടസ് ജയസൂര്യ,പത്മജ,ദീപക് കൃഷ്ണ,രാജേഷ് ആയിക്കര,ബിജു രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.