ചക്കരക്കൽ : രാവിലെ ഏറെ തിരക്കുള്ള സമയങ്ങളിലെ റോഡിലെ കുഴിയടപ്പുകാരണം ചക്കരക്കൽ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസം. ഇന്നലെ രാവിലെ ഏറ്റവും തിരക്കുള്ള സമയമായ പത്തുമണി മുതലാണ് റോഡിലെ കുഴിയടക്കൽ നടത്തിയത്. വാഹനങ്ങൾ തടഞ്ഞു കൊണ്ടായിരുന്നു കുഴിയടപ്പ്.
ഇതുകാരണം ചക്കരക്കൽ ജങ്ഷൻ മുതൽ മൗവ്വഞ്ചേരി പള്ളി വരെ നീണ്ട ക്യുതന്നെ പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹന യാത്രക്കാരും കുടുങ്ങി. താഴെ മൗവ്വഞ്ചേരി പെട്രോൾ പമ്പിന് മുൻപിലുള്ള പാതാളക്കുഴിയാണ് യുദ്ധക്കാല അടിസ്ഥാനത്തിൽ അടച്ചത്. ഇതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയായിരുന്നു.
പൊതുവെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചക്കരക്കല്ലിൽ റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത് അവധി ദിനങ്ങളിലോ രാത്രി ഏറെ വൈകിയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.