പഴയങ്ങാടി: മാടായിപ്പാറയിലെ കാക്കപ്പൂവിന്റെ മുകളിൽ ഇരുചക്ര വാഹനംകയറ്റി റീൽസ്പകർത്തൽ പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും വൻ പ്രതിഷേധത്തിനിടയാക്കി. മാടായിപ്പാറയിലെ ഐടിഐക്ക് സമീപം നിറയെ കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലത്താണ് ബൈക്ക് കയറ്റി മൂന്ന് കൗമാരക്കാർ റീൽസ് എടുത്തത്.
പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ വിലക്കിയിട്ടും ബൈക്കിലെത്തിയ ന്യൂ ജെൻ സംഘം പിൻതിരിഞ്ഞില്ല ബൈക്ക് അവിടെ നിന്ന് മാറ്റുവാൻ പോലും ഇവർ തയ്യാറായില്ല. ഒടുവിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ബൈക്ക് എടുത്തുമാറ്റുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ മുൻവശം നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത നിലയിലായിരുന്നു വാഹനം. വാരം സ്വദേശികളായ യുവാക്കളാണ് റീൽസെടുക്കാനായി അവധി ദിനമായ ഞായറാഴ്ച്ച മാടായിപാറയിലെത്തിയത്. ഇത്തരത്തിൽ മാടായിപ്പാറയിൽ നിരവധി വാഹനങ്ങളാണ് കാക്കപ്പൂവിനു മുകളിലേക്ക് കയറി ഇറങ്ങുന്നത്. മാടായിപ്പാറയിലെ കാക്കപ്പൂവ് കാണുവാൻ ദൂരദേശത്തിൽ നിന്നുപോലും ആളുകൾ എത്തുകയാണ്. ഇതിനിടയിലാണ് ചിലരുടെ ഇത്തരത്തിലുള്ള പരാക്രമം. ഇത്തരക്കാർക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രകൃതിസ്നേഹികളുടെയും പ്രദേശവാസികളുടെയും ആവശ്യം.